അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ വെബ്സൈറ്റ് തുറന്നു. പഠന കോൺഗ്രസ് അക്കാദമിക സമിതി ചെയർമാൻ എസ് രാമചന്ദ്രൻപിള്ള വെബ്സൈറ്റ് പ്രകാശനം ചെയ്തു. സമിതി സെക്രട്ടറി ടി എം തോമസ് ഐസക്, ഡോ.സി രാമകൃഷ്ണൻ, കെ.ടി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. കേരള വികസനുമായി ബന്ധപ്പെട്ട സംവാദങ്ങളുടെ ഏറ്റവും വലിയ രേഖാ സമാഹാരമായിരിക്കും വെബ്സൈറ്റിൽ ലഭ്യമാകുക. ഇതുവരെയുള്ള പഠന കോൺഗ്രസുകളുടെ പൂർണ രേഖകളും അഞ്ചാമത് പഠന കോൺഗ്രസിന്റെ വിശദാംശങ്ങളും ലഭ്യമാക്കും. akgcentre.in എന്നതാണ് വിലാസം. ഒന്ന്, രണ്ട് പഠന കോൺഗ്രസുകളുടെ രേഖകൾ ഡിജിറ്റലൈസ് ചെയ്ത് ലഭ്യമാക്കുന്ന പ്രവർത്തനം തുടങ്ങിയതായി തോമസ് ഐസക് പറഞ്ഞു. ചിത്രങ്ങളുടെ ശേഖരവും ലഭ്യമാക്കും. അഞ്ചാമത് പഠനകോൺഗ്രസിൽ വിവിധ സെമിനാറുകളിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളെല്ലാം പൂർണരൂപത്തിൽ വെബ്സൈറ്റിൽ ലഭ്യമാക്കും. ഇവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പ്രബന്ധങ്ങളുടെ സംഗ്രഹങ്ങൾ മാത്രമാകും അച്ചടിച്ച് പ്രസിദ്ധീകരിക്കുക.