വിദ്യാഭ്യാസ സെമിനാര്‍

അഞ്ചാമത് അന്തര്‍ദേശീയ കേരള പഠന കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയിൽ ആദ്യം നടക്കുന്നത് പൊതുവിദ്യാഭ്യാസം സംബന്ധിച്ച സെമിനാറാണ്. മെയ് 3,4,5 തീയതികളില്‍ കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂളില്‍ വച്ചാണ് നടക്കുക. മെയ് 3-ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി സെമിനാര്‍ ഉത്ഘാടനം ചെയ്യും.

സെമിനാർ ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശനകരമായി വിലയിരുത്തും. പ്രൊഫ. പ്രഭാത് പട്നായിക്, അനിത റാംപാൽ തുടങ്ങിയ വിദഗ്ദർ ഇതു സംബന്ധിച്ച് അവതരണങ്ങൾ നടത്തും. അതോടൊപ്പം കേരളത്തിന്റെ അനുഭവങ്ങളും പ്രത്യേകതകളും ഉൾക്കൊണ്ടുകൊണ്ട് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുവേണ്ട നയങ്ങളെക്കുറിച്ച് സെമിനാർ പരിശോധിക്കും.

സെമിനാറിന്റെ ഒന്നാം ദിവസം (03-5-2023) 60-തിലധികം വേദികളില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് നടന്ന 300-ലധികം നൂതനമായ വിദ്യാഭ്യാസ അനുഭവങ്ങളുടെ അവതരണങ്ങൾക്കുവേണ്ടി നീക്കിവച്ചിരിക്കുകയാണ്. ജനകീയാസൂത്രണാരംഭം മുതല്‍ നടത്തിയ വ്യത്യസ്തമായ വിദ്യാഭ്യാസ ഇടപെടലുകള്‍ അവതരിപ്പിക്കും. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ നടത്തിയ സൂക്ഷ്മതല അന്വേഷണങ്ങള്‍ പങ്കിടും. സൈദ്ധാന്തികമായ ആശയങ്ങളെ പ്രയോഗവത്കരിച്ചതിന്‍റെ ദൃഷ്ടാന്തങ്ങള്‍ വിനിമയം ചെയ്യും. അധ്യാപകര്‍, വിദഗ്ധര്‍, പിടിഎ/എസ്എംസി, ജനപ്രതിനിധികള്‍ തുടങ്ങി പ്രായോഗിക വിദ്യാഭ്യാസ പരീക്ഷണങ്ങൾക്കു നേതൃത്വം നൽകിയവരാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുക. കഴിയുന്നത്ര വീഡിയോ അവതരണങ്ങൾ ആക്കുന്നതിനാണു ശ്രമിക്കുന്നത്.

ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാളെയുടെ വിദ്യാഭ്യാസം എന്താകണമെന്ന ആഴത്തിലുള്ള ചര്‍ച്ചകളാണ് രണ്ടാം ദിവസം (04-05-2023) നടക്കുക. 32 സമ്മേളനങ്ങള്‍ ഉണ്ടാകും. സമ്മേളന വിഷയങ്ങൾ അനുബന്ധമായി നൽകിയിരിക്കുന്നു. തലേദിവസത്തെ അനുഭവ ചർച്ചകളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളും തിരുത്തലുകളും പുതിയ ആശയങ്ങളും വിദഗ്ധര്‍ മുന്നോട്ട് വയ്ക്കും. വിശദമായ ചർച്ചകൾക്ക് അവസരമുണ്ടാകും.

മൂന്നാം ദിവസം (05-05-2023) രണ്ടാം ദിവസം നടന്ന ചര്‍ച്ചകളുടെ ക്രോഡീകരണമായിരിക്കും നടക്കുക. ഈ രേഖ ആയിരിക്കും പൊതുവിദ്യാഭ്യാസം സംബന്ധിച്ച് 2024-ലെ പഠന കോൺഗ്രസിൽ അവതരിപ്പിക്കുക.

അഞ്ചാമത് പഠനകോണ്‍ഗ്രസിന്‍റെ അക്കാദമിക നടത്തിപ്പിനായി സംസ്ഥാന തലത്തില്‍ സഖാവ് എസ്. രാമചന്ദ്രന്‍ പിള്ള ചെയര്‍മാനും ഡോ. ടി.എം. തോമസ് ഐസക്ക് സെക്രട്ടറിയുമായുള്ള അക്കാദമിക സമിതി രൂപീകരിച്ചിട്ടുണ്ട്.

വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകളുടെ അക്കാദമിക നടത്തിപ്പിനായി പ്രത്യേക അക്കാദമിക സമിതികള്‍ രൂപീകരിക്കുന്നതാണ്. പൊതുവിദ്യാഭ്യാസ സെമിനാര്‍ അക്കാദമിക സമിതി ചെയര്‍പേര്‍സന്‍ പ്രൊഫ. സി രവീന്ദ്രനാഥ് ആണ് കണ്‍വീനര്‍ ഡോ. സി. രാമകൃഷ്ണനും. ഇതുകൂടാതെ എല്ലാ ജില്ലകളിലും പ്രബന്ധങ്ങൾ പരിശോധിച്ച് അച്ചടി യോഗ്യമാക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വിദഗ്ദരുടെ ചെറുസംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.

കോഴിക്കോട് പൊതുവിദ്യാഭ്യാസ സെമിനാര്‍ സംഘാടനത്തിനായി കേളുവേട്ടൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട് മുന്‍ എംഎല്‍എ ശ്രീ. എ. പ്രദീപ് കുമാര്‍ ചെയര്‍പേഴ്സനും ശ്രീ. കെ.ടി കുഞ്ഞിക്കണ്ണന്‍ ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘം പൊതുവിദ്യാഭ്യാസ സെമിനാര്‍ വമ്പിച്ച വിജയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

സെമിനാറിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. akgcentre.in എന്ന വെബ്സൈറ്റിലാണ് രജിസ്ടർ ചെയ്യേണ്ടത്. സ്ഥാപനങ്ങൾക്ക് 2000/- രൂപയും (മൂന്നുപേർ) വ്യക്തികൾക്ക് 500/- രൂപയും വിദ്യാർത്ഥികൾക്ക് 250/- രൂപയും ആണ് രജിസ്ട്രേഷൻ ഫീസ്. ഏപ്രിൽ ഒന്നു മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

എല്ലാ കുട്ടികളെയും ഉള്‍ചേര്‍ത്തുകൊണ്ട് വികസിച്ച കേരളത്തിലെ പൊതുവിദ്യാഭ്യാസം ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ വെല്ലുവിളികളെ നേരിടുന്ന അവസരത്തിലാണ് പൊതുവിദ്യാഭ്യാസ സെമിനാര്‍ നടക്കുന്നത്. ജനാധിപത്യം, മതരപേക്ഷത, പൊതുജന പങ്കാളിത്തം എന്നിവ ഉറപ്പാക്കിക്കൊണ്ട് എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കിക്കൊണ്ടുള്ള ഗുണമേന്മാ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പൊതു വിദ്യാഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനുമുള്ള കൂട്ടായ അന്വേഷണമാണ് പൊതുവിദ്യാഭ്യാസ സെമിനാര്‍.

പ്രസ്തുത കൂട്ടായ അന്വേഷണത്തിനുള്ള തുറന്ന വേദിയായ കോഴിക്കോട് നടക്കുന്ന പൊതുവിദ്യാഭ്യാസ സെമിനാറിന്‍റെ വിജയത്തിന് എല്ലാവരുടെയും ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും ബന്ധപ്പെടുക:- info@akgcentre.in അല്ലെങ്കിൽ ഡോ. സി. രാമകൃഷ്ണന്‍ (9446464727 / crpilicode@gmail.com). വെബ്സൈറ്റ്:- akgcentre.in

വിദ്യാഭ്യാസ സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്ന  വിഷയങ്ങൾ:-

  • ദേശീയവിദ്യാഭ്യാസനയം- ബദല്‍ സമീപനം

  • വിജ്ഞാനസമൂഹവും സ്കൂള്‍വിദ്യാഭ്യാസവും

  • പൗരബോധവും സ്കൂള്‍ വിദ്യാഭ്യാസവും

  • എല്ലാ കുട്ടികളേയും ഉള്‍ക്കൊള്ളുകയും ഉള്‍ച്ചേര്‍ക്കുകയും ചെയ്യുന്ന പാഠ്യപദ്ധതി

  • അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ വിദ്യാഭ്യാസം

  • പ്രായത്തിനനുഗുണമായ പഠനം, അഭിരുചിക്കനുഗുണമായ പഠനം

  • തൊഴില്‍ഉദ്ഗ്രഥിത വിദ്യാഭ്യാസം

  • ലിംഗസമത്വം, ലിംഗനീതി

  • ജന്‍ഡറും വിദ്യാഭ്യാസവും

  • ജനായത്ത വിദ്യാലയങ്ങള്‍

  • വിദ്യാലയങ്ങളെ സാമൂഹിക പഠന കേന്ദ്രങ്ങളാക്കി വളര്‍ത്തല്‍

  • കോവിഡാനന്തരകാല വിദ്യാഭ്യാസം പരിഗണിക്കേണ്ട വസ്തുതകള്‍

  • ജീവിതഗന്ധിയായ ഗണിതപഠനം

  • ശാസ്ത്രബോധത്തിലേക്ക് നയിക്കുന്ന ശാസ്ത്രപഠനം

  • ഭാഷാ പഠനവും ഭാഷയിലൂടെയുള്ള പഠനവും

  • ചരിത്രബോധം ഉളവാക്കുന്ന ചരിത്രപഠനം

  • ആരോഗ്യ, കായിക, കലാ വിദ്യാഭ്യാസം

  • സാങ്കേതികവിദ്യ പഠനബോധനപ്രവര്‍ത്തനത്തിന്

  • പഠന ബോധന സമീപനങ്ങള്‍

  • പരീക്ഷകളില്‍ നിന്നും വിലയിരുത്തലിലേക്ക്

  • അധ്യാപക പ്രൊഫഷണലിസം- തടസ്സങ്ങളും സാധ്യതകളും

  • വിദ്യാഭ്യാസ ഗവേഷണവും വിദ്യാഭ്യാസത്തിലെ ഗവേഷണവും

  • രക്ഷാകര്‍തൃവിദ്യാഭ്യാസം

  • കുട്ടികളും ആരോഗ്യവും

  • വിദ്യാഭ്യാസം സാംസ്കാരിക പ്രവര്‍ത്തനം

  • സ്കൂള്‍ ജനാധിപത്യ സംവിധാനങ്ങള്‍ (പിടിഎ, എസ്എംസി, സ്കൂള്‍ പാര്‍ലമെന്‍റ്)

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവും

  • സ്കൂള്‍ വിദ്യാഭ്യാസം – കുട്ടികളുടെ പ്രതീക്ഷകള്‍

  • മേളകളും സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥി സൗഹൃദമാകാന്‍

  • ഘടനാപരമായ മാറ്റങ്ങള്‍ (സിസ്റ്റമിക് റിഫോംസ്)

  • കാര്യക്ഷമമാകേണ്ടുന്ന പ്രീസ്കൂൾ വിദ്യാഭ്യാസം

  • കേരളത്തിനനുയോജ്യമായ തുടര്‍വിദ്യാഭ്യാസം