ജനാധിപത്യ കേരളത്തിന്‍റെ പരിപാടി ആവിഷ്കരിച്ചപ്പോള്‍ അക്കാദമീയ സമൂഹമൊന്നുമുണ്ടായിരുന്നില്ല. പ്രൊഫഷണല്‍ വിദഗ്ദ്ധന്മാരും കുറവായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. അവരുടേതായ സംഭാവനകൾ അവർ നല്‍കുകയും ചെയ്തു. ഇന്ന് പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. ഒരു പക്ഷെ കൂടുതല്‍ സങ്കീര്‍ണ്ണവുമാണ്. പണ്ഡിതന്മാരും വിവിധ വിജ്ഞാനശാഖകളിലെ വിദഗ്ദ്ധരും രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മിലും രാഷ്ട്രീയ പാര്‍ടികള്‍-ഇടതും വലതും ഉള്‍പ്പെടെ-തമ്മില്‍ തമ്മിലും ഭൗതികോല്‍പാദന അടിത്തറ സുശക്തമാക്കുന്നതിലൂടെ നമ്മുടെ വികസന പ്രക്രിയ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതിനെക്കുറിച്ച് സംവാദം നടക്കേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നത നിലനില്‍ക്കെത്തന്നെ പ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ സംബന്ധിച്ച വിശാലമായ സമീപനത്തിന്‍റെ കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താനാകാണാം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് എകെജി പഠന ഗവേഷണ കേൺഗ്രത്തിന്റെ ആഭിമുഖ്യത്തിൽ 1994 ൽ അന്തർദേശീയ കേരള പഠന കോൺഗ്രസ് ആരംഭിച്ചത്. ഐക്യകേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ സമുന്നത നേതാവും ആയിരുന്ന സ. ഇ എം എസിന്റെ മുഖ്യ ചുമതലയിൽ ആയിരുന്നു അത് സംഘടിപ്പിക്കപ്പെട്ടത്.

കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ കൂട്ടായ ശ്രമത്തിലൂടെ നമുക്ക് കഴിയേണ്ടതുണ്ട്. ജനക്ഷേമപരവും ജനാധിപത്യപരവുമായ കഴിഞ്ഞ കാലനേട്ടങ്ങള്‍ കൈവെടിയാതെ തന്നെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്തണം. സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തി പുതിയ കര്‍മ്മ പരിപാടി ആവിഷ്കരിക്കണം. ഒരു രാഷ്ട്രീയ പാര്‍ടിക്കോ അഥവാ രാഷ്ട്രീയ പാര്‍ടികള്‍ക്ക് മാത്രമായോ നിറവേറ്റാന്‍ കഴിയുന്ന ഒരു കടമയല്ല ഇത്. ഇതൊരു ദേശീയ കടമയാണ്. പണ്ഡിതന്മാരും വിവിധ ശാസ്ത്ര വിജ്ഞാനശാഖകളിലെ വിദഗ്ദ്ധന്മാരും ഇതില്‍ സുപ്രധാന പങ്ക് വഹിക്കേണ്ടതായിട്ടുണ്ട്.

1994, 2005, 2011, 2015 വര്‍ഷങ്ങളിലായി സംഘടിപ്പിച്ച ഒന്നും രണ്ടും മൂന്നും നാലും കേരള പഠന കോണ്‍ഗ്രസുകള്‍, സംസ്ഥാനത്തിന്റെ വിവിധ വികസനമേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വിശകലനം ചെയ്ത്‌ കേരളത്തിന്റെ വികസന ആസൂത്രണത്തിന് ശരിയായ ദിശാബോധം നല്‍കാന്‍ സഹായകമായ സംവാദവേദികളായിരുന്നു. ഇതുവരെയുള്ള അനുഭവങ്ങള്‍ പരിഗണിച്ചുകൊണ്ട് അടിയന്തിരമായി നടപ്പിലാക്കേണ്ടുന്ന ഒരു ഇടക്കാല വികസന പരിപാടിയും കൂടുതല്‍ സമഗ്രമായവികസന പരിപ്രേക്ഷ്യവും കരുപ്പിടപ്പിക്കുന്നതിനാണിന്ന് ശ്രമിക്കുന്നത്. ഈ സംവാദം രണ്ടോ മൂന്നോ ദിവസങ്ങളിലെ ചര്‍ച്ചകളില്‍ ഒതുക്കാനാകുന്നതല്ല. ഇക്കാരണത്താല്‍ കേരളപഠന കോണ്‍ഗ്രസിനുള്ള മുന്നൊരുക്കമായി, എ.കെ.ജി. പഠന ഗവേഷണകേന്ദ്രം 2023-ന്റെ ആദ്യപകുതി മുതൽ വിവിധ വികസന മേഖലകളിൽ സെമിനാറുകള്‍ സംഘടിപ്പിക്കും. ഓരോ സെമിനാറും ഒരു വികസന മേഖലയുടെ വിശദമായ വിശകലനം ലക്ഷ്യമാക്കിയ, ഒന്നോ രണ്ടോ ദിവസം നീണ്ട സമ്മേളനമായി ആയിരിക്കും നടത്തുക. വ്യത്യസ്ത വികസന മേഖലകളെ സ്പര്‍ശിക്കുന്ന ഗവേഷണപഠനങ്ങളിലും പദ്ധതി നിര്‍വ്വഹണങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രാദേശിക വികസന പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ അറിവും പ്രായോഗികാനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദികളായി മാറും ഈ സെമിനാറുകള്‍. അതിലൂടെ യാഥാര്‍ത്ഥ്യബോധമുള്ളതും നിര്‍വ്വഹണസാദ്ധ്യവുമായ വികസന നിര്‍ദ്ദേശങ്ങളുടെ രൂപീകരണമാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ തുടർച്ചയായി ഓരോ വികസന മേഖലയും സംബന്ധിച്ച ഒരു പരിപ്രേക്ഷ്യം 2024 ഡിസംബറിൽ നടക്കുന്ന കേരള പഠന കോണ്‍ഗ്രസിൽ ചർച്ചയ്ക്കായി അവതരിപ്പിക്കും. തുടർന്ന് വിവിധ വിഷയ മേഖലകളിൽ നടക്കുന്ന ചർച്ചകൾ ക്രോഡീകരിച്ച് ഒരു സമഗ്ര സമീപന രേഖ പഠന കോൺഗ്രസ് മുന്നോട്ടുവയ്ക്കും.