This is not a seminar that is expected to come to precise conclusions on how the various problems of Kerala are to be solved. That is a task that political parties and social organisations of Kerala shall have to undertake on the basis of their experience they gain at this congress. As for the AKG Centre for Research and Studies, I want to assure you that we will do our best to continue the dialogue between scholars and activists that will take place at this congress.

സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് 1994 ഓഗസ്റ്റ് 27-ാം തീയതി, ആദ്യ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിലെ വാചകങ്ങളാണിത്. ഈ സന്ദേശമുള്‍ക്കൊണ്ടുകൊണ്ട് അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസ് 2024 ഡിസംബറിൽ നടത്തുന്നതിന്  എ.കെ.ജി. പഠനഗവേഷണകേന്ദ്രം തയ്യാറെടുക്കുകയാണ്. 1994, 2005, 2011, 2015 വര്‍ഷങ്ങളിലായി സംഘടിപ്പിച്ച ഒന്നും രണ്ടും മൂന്നും നാലും കേരള പഠന കോണ്‍ഗ്രസുകള്‍, സംസ്ഥാനത്തിന്റെ വിവിധ വികസനമേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വിശകലനം ചെയ്ത്‌ കേരളത്തിന്റെ വികസന ആസൂത്രണത്തിന് ശരിയായ ദിശാബോധം നല്‍കാന്‍ സഹായകമായ സംവാദവേദികളായിരുന്നു. ഇതുവരെയുള്ള അനുഭവങ്ങള്‍ പരിഗണിച്ചുകൊണ്ട് അടിയന്തിരമായി നടപ്പിലാക്കേണ്ടുന്ന ഒരു ഇടക്കാല വികസന പരിപാടിയും കൂടുതല്‍ സമഗ്രമായവികസന പരിപ്രേക്ഷ്യവും കരുപ്പിടപ്പിക്കുന്നതിനാണിന്ന് ശ്രമിക്കുന്നത്. ഈ സംവാദം രണ്ടോ മൂന്നോ ദിവസങ്ങളിലെ ചര്‍ച്ചകളില്‍ ഒതുക്കാനാകുന്നതല്ല. ഇക്കാരണത്താല്‍ കേരളപഠന കോണ്‍ഗ്രസിനുള്ള മുന്നൊരുക്കമായി, എ.കെ.ജി. പഠന ഗവേഷണകേന്ദ്രം 2023-ന്റെ ആദ്യപകുതി മുതൽ വിവിധ വികസന മേഖലകളിൽ സെമിനാറുകള്‍ സംഘടിപ്പിക്കും. ഓരോ സെമിനാറും ഒരു വികസന മേഖലയുടെ വിശദമായ വിശകലനം ലക്ഷ്യമാക്കിയ, ഒന്നോ രണ്ടോ ദിവസം നീണ്ട സമ്മേളനമായി ആയിരിക്കും നടത്തുക. വ്യത്യസ്ത വികസന മേഖലകളെ സ്പര്‍ശിക്കുന്ന ഗവേഷണപഠനങ്ങളിലും പദ്ധതി നിര്‍വ്വഹണങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രാദേശിക വികസന പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ അറിവും പ്രായോഗികാനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദികളായി മാറും ഈ സെമിനാറുകള്‍. അതിലൂടെ യാഥാര്‍ത്ഥ്യബോധമുള്ളതും നിര്‍വ്വഹണ സാദ്ധ്യവുമായ വികസന നിര്‍ദ്ദേശങ്ങളുടെ രൂപീകരണമാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ തുടർച്ചയായി ഓരോ വികസന മേഖലയും സംബന്ധിച്ച ഒരു പരിപ്രേക്ഷ്യം 2024 ഡിസംബറിൽ നടക്കുന്ന കേരള പഠന കോണ്‍ഗ്രസിൽ ചർച്ചയ്ക്കായി അവതരിപ്പിക്കും.

ഡോ. ടി. എം. തോമസ് ഐസക്
ഡയറക്ടർ, എ.കെ.ജി. പഠനഗവേഷണകേന്ദ്രം