അതിരുകളില്ലാത്ത വളർച്ചാ സാദ്ധ്യതകളാണ് കേരളത്തിലെ കാർഷിക മേഖലയിലുള്ളത്. കാർഷിക രാജ്യത്ത് മറ്റെവിടെയുമില്ലാത്ത ജൈവ വൈവിധ്യവും ജലലഭ്യതയും വിപുലമായ സഹായ സംവിധാനങ്ങളും സർക്കാർ പിന്തുണയും കേരളത്തിലുണ്ട്. ആഗോള വിപണിയിൽ പ്രാധാന്യമുള്ള നിരവധി വിളകളും കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ വിവിധ വിളകളുടെ ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും മൂല്യവർദ്ധനവിലും നമുക്ക് പ്രതീക്ഷിച്ച വിധത്തിൽ മുന്നേറാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഉൽപന്നങ്ങളുടെ വിലയിലും വരുമാനത്തിലുമുണ്ടാകുന്ന പ്രവചനാതീതമായ ഏറ്റക്കുറച്ചിൽ, വർദ്ധിച്ച ഉൽപാദന ചെലവ് മുതലായവ കാരണം കാർഷിക വൃത്തിയോടുള്ള ആഭിമുഖ്യം കുറഞ്ഞതായി കാണുന്നു. ഇതിന്റെയൊക്കെ ഫലമായി സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിൽ കാർഷിക മേഖലയുടെ സംഭാവനയും കുറഞ്ഞിട്ടുണ്ട്. നവകേരളത്തിന്റെ സുസ്ഥിരമായ സാമ്പത്തിക വികസനത്തിന് കാർഷിക മേഖലയുടെ വളർച്ച അത്യന്താപേക്ഷിതമാണന്നിരിക്കെ, കൃഷിയിൽ നമ്മുടെ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താനായോ എന്ന പരിശോധന അനിവാര്യമായിരിക്കുന്നു. ഈ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും സമീപ കാലത്തായി കേരളത്തിലെ കാർഷികമേഖലയിൽ പ്രകടമായ ഉണർവുണ്ടായിട്ടുണ്ട് എന്നു കാണാം. കാർഷിക മേഖലയിലെ സാധ്യതകൾ ഭാവനാ പൂർണ്ണമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്തുന്ന നിരവധി വിജയകരമായ പ്രാദേശിക മാതൃകകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. നൂതനമായ സാങ്കേതികവിദ്യകളും മാനേജ്മെന്റ് ആശയങ്ങളും പ്രയോഗിക്കപ്പെടുന്ന ഈ പരീക്ഷണങ്ങൾ നമുക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിനും പുതിയ വികസന സാധ്യതകൾ വിലയിരുത്തുന്നതിനുമായി എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായി ത്രിദിന സെമിനാർ നടത്തുന്നതിന് തീരുമാനി ച്ചിട്ടുണ്ട്. 2023 മെയ് 20, 21, 22 എന്നീ ദിവസങ്ങളിൽ തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക്ക് സ്കൂള്‍, പാട്ടുരക്കല്‍ വച്ചാണ് സെമിനാർ നടക്കുക. സമാന്തരമായും അല്ലാതെയും നടക്കുന്ന നൂറോളം സെഷനുകൾ ഉണ്ടാകും. കേരളത്തിന്റെ നാനാഭാഗത്തുനിന്നായി രണ്ടായിരത്തോളം പേർ ഇവയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം ദിവസം ഉദ്ഘാടനത്തിന് ശേഷം കാർഷിക മേഖലയിലെ വിജയകരമായ ഇടപെടലുകളുടെ അനുഭവാവതരണങ്ങൾ നടക്കും. കേരളത്തിലെ മികച്ച കർഷകർ, മാതൃകാ കാർഷിക സംരംഭകർ, മാതൃകാ പദ്ധതികൾ നടപ്പാക്കിയ പഞ്ചായത്തുകൾ, സഹകരണ സംഘങ്ങൾ, ഉൽപാദന സംഘങ്ങൾ, മാതൃകാ കൃഷി ഭവനുകൾ, കർഷക സംഘടനകളുടെ പ്രതിനിധികൾ, വിവിധ എജൻസികൾ, എന്നിവർ അവരുടെ അനുഭവങ്ങൾ സമാന്തര സമ്മേളനങ്ങളിലായി അവതരിപ്പിക്കും. ഇരു നൂറ്റമ്പത് – മുന്നൂറ് അവതരണങ്ങളാണ് പ്രതീക്ഷിക്കുന്നത്. പ്രബന്ധത്തിന്റെ പൂർണ്ണരൂപം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംഗ്രഹം അച്ചടിച്ച് വിതരണം ചെയ്യും. വീഡിയോ അവതരണത്തിനും സൗകര്യമുണ്ടാകും. രണ്ടാം ദിവസം ഉല്പാദനം, ഉല്പാദനക്ഷമത, വിപണനം, മൂല്യവർദ്ധനവ് എന്നീ വിശാല വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ സ്വീകരിക്കേണ്ട നയസമീപനങ്ങളെ അധികരിച്ചുള്ള സെഷനുകളായിരിക്കും ഉൾപ്പെടുത്തുക. ഇതിൽ ശാസ്ത്രജ്ഞരെയും കാർഷിക വിദഗ്ദ്ധരെയും ഗവേഷകരെയും ഉദ്യോഗസ്ഥരെയുമാണ് പ്രബന്ധാവതാരകരായി പ്രതീക്ഷിക്കുന്നത്. തെക്ക് കിഴക്കൻ എഷ്യയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധരെയും ഈ സെമിനാറുകളിൽ പ്രതീക്ഷിക്കുന്നു. അവതരണങ്ങൾ പോസ്റ്ററുകളായി പ്രദർശിപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.