എ.കെ.ജി പഠന ഗവേഷണ കേന്ദ്രം

മഹാനായ വിപ്ലവകാരിയായിരുന്ന എ.കെ. ഗോപാലനോടുള്ള ബഹുമാനാര്‍ത്ഥം സ്ഥാപിക്കപ്പെട്ടതാണ് എ.കെ.ജി. പഠന-ഗവേഷണ കേന്ദ്രം. വളരെക്കാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതവായിരുന്ന എ.കെ.ജി രാജ്യത്താകെ സഞ്ചരിച്ച്, ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരായി നാട്ടിന്‍ പുറങ്ങളിലെയും നഗരങ്ങളിലെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചു. 1952-ല്‍ നടന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പ് തൊട്ട് രണ്ട് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ലോക്സഭയിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്‍റെ നേതാവായിരുന്നു. (ഏറെക്കുറെ ഈ കാലയളവില്‍ കമ്മ്യൂണിസ്റ്റുകാര്‍ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പായിരുന്നുതാനും). സ്വയം ഒരു അക്കാദമീയ പണ്ഡിതനായിരുന്നില്ലെങ്കിലും ജീവിതത്തിന്‍റെ നാനാതുറകളിലുംപെട്ട ബഹുജനപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു സ്കൂള്‍ ആരംഭിക്കണമെന്ന് തന്‍റെ ജീവിതത്തിന്‍റെ അന്ത്യനാളുകളില്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി ഒരു അനൗപചാരിക സര്‍വ്വകലാശാല, പണ്ഡിതന്‍മാര്‍ക്കും, സാമൂഹിക രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പരസ്പരം അറിവും അനുഭവവും കൈമാറാനുള്ള ഒരു സ്ഥാപനം എന്ന നിലയ്ക്കാണ് എ.കെ.ജിപഠന ഗവേഷണ കേന്ദ്രം ആരംഭിച്ചത്.  കേന്ദ്രത്തിന്‍റെ ആദ്യ ഡയറക്ടര്‍ മഹാനായ സ. ഇ എം എസ് നമ്പൂതിരിപ്പാട് ആയിരുന്നു.

ഗവേഷണ കേന്ദ്രത്തിൻറെ ഭാഗമായി വിശാലമായ ഒരു റഫറന്‍സ്‌ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്‌. വലിയൊരു ഗ്രന്ഥശേഖരത്തിനു പുറമേ പഴയകാലത്തെ പത്ര മാസികകളും റഫറന്‍സിനായി ഇവിടെ ലഭിക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ്‌ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്‌. പഠന ഗവേഷണ കേന്ദ്രത്തിൻറെ നേതൃത്വത്തില്‍ കേരള വികസനത്തെ സംബന്ധിച്ച്‌ നാല് പഠന കോണ്‍ഗ്രസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം ആനുകാലിക വിഷയങ്ങളെ സംബന്ധിച്ചുള്ള നിരവധി സെമിനാറുകളും പഠന ഗവേഷണ കേന്ദ്രത്തിൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയാണ്‌ മാര്‍ക്‌സിസ്റ്റ്‌ സംവാദം. വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള ലക്കങ്ങളായിട്ടാണ് ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ്‌ സംവാദം പ്രസിദ്ധീകരിക്കുന്നത്‌.

സ. (ഡോ.) ടി എം തോമസ്‌ ഐസക്ക് ആണ് ഇപ്പോൾ ഗവേഷണ കേന്ദ്രം ഡയറക്ടർ