സ്കൂൾ വിദ്യാഭ്യാസരംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണു കേരളം. ദേശീയാടിസ്ഥാനത്തിൽ പ്രഥമസ്ഥാനത്തു നാം തുടരുന്നു. ഇതിൽ അഭിമാനിക്കുമ്പോൾത്തന്നെ, ഈ രംഗത്ത് ഉയർന്നു വന്നിട്ടുള്ള പരിമിതികളും കണ്ടു വിലയിരുത്തേണ്ടതുണ്ട്. അതിനാൽ നേട്ടങ്ങൾ നിലനിർത്താനും കൂടുതൽ ഔന്ന്യത്യം നേടാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും കൂട്ടായ അന്വേഷണം ആവശ്യമാണ്. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതവും എല്ലാ കുട്ടികളേയും ഉൾക്കൊള്ളുന്നതും ഉൾച്ചേർക്കുന്നതും ആയ വിദ്യാഭ്യാസ പദ്ധതി വികസിപ്പിക്കാൻ കഴിയണം. എക്സലൻസ് ആകണം ലക്ഷ്യം. കഴിഞ്ഞകാല അനുഭവങ്ങളിനിന്നു ലഭ്യമായ നന്മകളുടെ മേലെ ആകണം നവകേരളം പടുക്കേണ്ടത്. മുന്നോട്ടുള്ള പാത എന്താകണം എന്നത് ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. അതിനാണ് ഈ ബൃഹത്തായ വിദ്യാഭ്യാസമിനാർ സംഘടിപ്പിക്കുന്നത്. 2023 മെയ് 3,4,5 തീയതികളിലായി കോഴിക്കോട് നടക്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇതിനു പശ്ചാത്തലമായി, കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ വിദ്യാ ഭ്യാസാനുഭവങ്ങൾ സെമിനാറിന്റെ ആദ്യ ദിവസം സമഗ്രമായി വിലയിരുത്തും. ഈ കാലത്ത് ഏതെങ്കിലും ഘട്ടത്തിൽ നടത്തിയ നൂതനപ്രവർത്തനങ്ങളുടെ അനുഭവങ്ങൾ അവതരിപ്പിക്കാം. ചിലത് തുടർച്ച ഇല്ലാതെ പോയവ ആകാം. വിദ്യാഭ്യാസപരിഷ്കാരങ്ങളുടെ യഥാർത്ഥ നടത്തിപ്പുകാർ തന്നെ ആയിരിക്കും പ്രബന്ധങ്ങളും അനുഭവങ്ങളും അവതരിപ്പിക്കുക. അവയോടു പ്രതികരിച്ച് പണ്ഡിതർ സംസാരിക്കും. വിദ്യാഭ്യാസരംഗത്തു വേണ്ട മാറ്റങ്ങളും തിരുത്തലുകളും പുതിയ ആശയ നിർദ്ദേശങ്ങളും രണ്ടും മൂന്നും ദിവസങ്ങളിൽ വിദഗ്ദ്ധർ മുന്നോട്ടുവയ്ക്കും. സമാന്തരമായി സമ്മേളനങ്ങളിലാണ് അനുഭവ വിവരണം നടക്കുക. ആകെ 300 അവതരണങ്ങൾ. അനുഭവങ്ങൾ പോസ്റ്ററുകളാക്കി പ്രദർപ്പിക്കാനും സൗകര്യമുണ്ടാകും. പ്രബന്ധത്തിന്റെ പൂർണ്ണരൂപം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരണയോഗ്യമായ എല്ലാ അവതരണത്തിന്റെയും സംഗ്രഹങ്ങൾ അച്ചടിക്കും.