പത്രക്കുറിപ്പ്

അഞ്ചാമത് അന്തര്‍ദേശീയ കേരള പഠന കോണ്‍ഗ്രസ്സ് 2024-ൽ നടക്കുന്നതാണ്. 1994-ൽ ഇഎംഎസ് വിളിച്ചുചേർത്ത ഒന്നാം അന്തർദേശീയ പഠന കോൺഗ്രസിനുശേഷം അഞ്ച് വർഷംതോറും പഠന കോൺഗ്രസുകൾ ചേർന്നിട്ടുണ്ട്. അഞ്ചാമത് കേരള പഠന കോൺഗ്രസ് കോവിഡുമൂലം നീട്ടിവയ്ക്കേണ്ടി വന്നു. കേരളത്തെക്കുറിച്ചു പഠിച്ചിട്ടുള്ള പരമാവധി പണ്ഡിതരെയും വിദഗ്ദരെയും സാമൂഹ്യപ്രവർത്തകരെയും നയകർത്താക്കളെയും പഠന കോൺഗ്രസിന്റെ വേദിയിൽ അണിനിരത്തുന്നതിനാണു ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ചാമത് കേരള പഠന കോൺഗ്രസിനു മുന്നോടിയായി 20 വികസന വിഷയങ്ങളിൽ വിവിധ ജില്ലകളിൽ വിപുലമായ സെമിനാറുകൾ സംഘടിപ്പിക്കുന്നതാണ്. എകെജി പഠന ഗവേഷണകേന്ദ്രവും ആ ജില്ലകളിലെ സമാനമായ പഠന കേന്ദ്രങ്ങളും സംയുക്തമായാണ് ഈ സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ വികസന സംവാദത്തിനാണ് എകെജി പഠന ഗവേഷണ കേന്ദ്രം മുൻകൈയെടുക്കുന്നത്. 20000 പണ്ഡിതർ, വിദഗ്ധർ, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ ഈ സെമിനാർ പരമ്പരകളിൽ പങ്കാളികളാകും.

ഈ സെമിനാറുകളെല്ലാം തുറന്ന സെമിനാറുകളാണ്. അതായത്, സെമിനാർ വിഷയം സംബന്ധിച്ച് പഠിച്ചിട്ടുള്ള ഏതൊരാൾക്കും രജിസ്റ്റർ ചെയ്യുകയും ചർച്ചകളിൽ പങ്കാളിയാവുകയും ചെയ്യാം. അക്കാദമിക് സമിതി പരിശോധിച്ച് അവതരണയോഗ്യമായ പ്രബന്ധങ്ങളും അനുഭവക്കുറിപ്പുകളും തെരഞ്ഞെടുക്കും. പ്രബന്ധങ്ങളുടെ പൂർണ്ണരൂപം അഞ്ചാമത് അന്തർദേശീയ പഠന കോൺഗ്രസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംഗ്രഹം അച്ചടിച്ച് സെമിനാറിൽ വിതരണം ചെയ്യും. ആവശ്യം വന്നാൽ പോസ്റ്റർ പ്രദർശന അവതരണത്തിനും സൗകര്യമുണ്ടാകും.

ഈ പരമ്പരയിൽ ആദ്യം നടക്കുന്നത് പൊതുവിദ്യാഭ്യാസം സംബന്ധിച്ച സെമിനാറാണ്. മെയ് 3,4,5 തീയതികളില്‍ കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂളില്‍ വച്ചാണ് നടക്കുക. മെയ് 3-ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി സെമിനാര്‍ ഉത്ഘാടനം ചെയ്യും.