അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്
എ.കെ.ജി. പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്നത്
വേദി: തിരുവനന്തപുരം
അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസ് 2025 ഫെബ്രുവരി 21,22 തീയതികളിൽ തിരുവനന്തപുരത്തു നടക്കാൻപോകുകയാണ്. സിപിഐ(എം)-ന്റെ സാമൂഹികഗവേഷണസ്ഥാപനമായ എകെജി പഠനഗവേഷണകേന്ദ്രമാണ് പഠനകോൺഗ്രസ് സംഘടിപ്പിക്കുന്നത്. 1994 ഓഗസ്റ്റ് 24 – 27; 2005 ഡിസംബർ 9 - 11; 2011 ജാനുവരി 1, 2, 3; 2016 ജാനുവരി 9, 10 തീയതികളിലാണ് മുമ്പത്തെ നാലു പഠനകോൺഗ്രസുകൾ നടന്നത്.
ഒരു രാഷ്ട്രീയപ്പാർട്ടി ഒരു നാടിന്റെ ഭാവിയെപ്പറ്റി ഇത്ര ആസൂത്രിതവും സമഗ്രവും സർവ്വതലസ്പർശിയുമായ പഠനം ഇങ്ങനെ തുടർച്ചയായി നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ വികസന-ക്ഷേമപരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യുന്ന അനുഭവം ലോകത്തുതന്നെ മറ്റെവിടെയെങ്കിലുമുണ്ടോ എന്നു സംശയമാണ്. കേരളത്തിലെ ഈ പഠനമാകട്ടെ ഒന്നിനൊന്നു വിപുലപ്പെട്ടുവരികയുമാണ്.
അക്കാദമികപഠനങ്ങൾ ജനകീയപ്രശ്നങ്ങളിൽനിന്ന് അകന്നുനില്ക്കുകയും ജനകീയവിഷയങ്ങളിൽ ഗവേഷണം നടന്നാൽത്തന്നെ അവ ജനങ്ങളിലേക്ക് എത്തുകയും ജനപങ്കാളിത്തത്തോടെ നടപ്പാക്കപ്പെടുകയും ചെയ്യാറില്ല എന്ന വിമർശനം പൊതുവെ ഉണ്ടല്ലോ. ഇതു പരിഹരിച്ച്, അക്കാദമികവിദഗ്ദ്ധരെയും സാധാരണജനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനും ജനപക്ഷവികസനപഠനങ്ങൾ ധാരാളമായി നടക്കാനും അവ നാടിനു പ്രയോജനപ്പെടാനുമെല്ലാം വഴിയൊരുക്കാനുള്ള ബൃഹത്തായ പരിപാടിയായാണ് പഠനകോൺഗ്രസ് വിഭാവനം ചെയ്തത്. കേരളപഠന കോൺഗ്രസ് എന്ന ആശയത്തിന്റെ ആവിഷ്ക്കർത്താവും പില്ക്കാലപ്രചോദനവുമായ സ. എ. എം. എസ്. നമ്പൂതിരിപ്പാടുതന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത് ഈ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. ഇ.എം.എസ് നടത്തിയ പ്രസംഗം
ഐക്യകേരളത്തിനായി യത്നിക്കുകയും പിറക്കാൻപോകുന്ന കേരളസംസ്ഥാനം എങ്ങനെയൊക്കെ മാറണം എന്നു മുൻകൂട്ടിത്തന്നെ കൂലംകഷമായി ആലോചിക്കുകയും കാഴ്ചപ്പാടുകൾ വികസിപ്പിക്കുകയും ചെയ്ത ഏകപ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു. അതുകൊണ്ടുതന്നെ, കേരളസമൂഹം കേരളപ്പിറവിയ്ക്കു മുമ്പുമുതൽതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തുകയും 1957-ൽ നടന്ന കേരളസംസ്ഥാനത്തെ ആദ്യതെരഞ്ഞെടുപ്പിൽ അതിനെ അധികാരത്തിലേറ്റുകയും ചെയ്തു. പാർട്ടി വിഭാവനം ചെയ്ത ഭാവികേരളം യാഥാർത്ഥ്യമാക്കാനുള്ള നിയമനിർമ്മാണങ്ങൾ ഉൾപ്പെടെയുള്ള ഭരണനടപടികൾ ആരംഭിക്കുകയും തുടർന്നു നടപ്പാക്കേണ്ട ഭരണപരിഷ്കാരവും അധികാരവികേന്ദ്രീകരണവും അടക്കമുള്ള കാര്യങ്ങളെപ്പറ്റി കൂടുതൽ പഠനം ആരംഭിക്കുകയും ചെയ്തു. എന്നാൽ, കേരളസമൂഹത്തിൽ 1959-ൽ നടന്ന, വിമോചനസമരം എന്നു സമരക്കാർ പേരിട്ട, പിന്തിരിപ്പൻ പ്രക്ഷോഭത്തിലൂടെ പ്രതിലോമശക്തികൾ വളർത്തിയ കമ്മ്യൂണിസ്റ്റ് ഫോബിയ തുടർന്നുള്ള ദശകങ്ങളിൽ പാർട്ടിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തിയത് പാർട്ടിയുടെ കേരളസ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള പ്രവർത്തനങ്ങൾക്കു വിഘാതമായി. ഇത്തരം കാര്യങ്ങൾ തുടരാൻ അടിസ്ഥാനമായി വേണ്ടത് ഭരണം ആയതിനാൽ അതു നേടാനായിരുന്നു അന്നു പ്രധാനശ്രദ്ധ. പൊതുവേ പുരോഗമനമനസുള്ള കേരളം 1990-കളുടെ തുടക്കത്തോടെ വീണ്ടും ഇടതുപക്ഷത്തോട് കൂടുതൽ ആഭിമുഖ്യം കാട്ടിത്തുടങ്ങുകയും ഒന്നിടവിട്ട് അധികാരത്തിൽ വരാൻ അവസരം ഒരുങ്ങുകയും ചെയ്തപ്പോഴാണ് കേരളത്തെ നവീകരിക്കാനും വികസിപ്പിക്കാനുമുള്ള അന്വേഷണം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പുനരാരംഭിക്കുന്നത്. അങ്ങനെയാണ് 1994-ൽ ഒന്നാം പഠനകോൺഗ്രസിന് അരങ്ങൊരുങ്ങിയത്. ഇക്കാര്യങ്ങൾ സ. ഇഎംഎസ് പഠനകോൺഗ്രസിനെപ്പറ്റി എഴുതിയ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. ഇ.എം.എസിന്റെ ലേഖനം
കേരളം ഗുരുതരമായ പ്രതിസന്ധിയിലേക്കു വീണുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു ആദ്യത്തെ പഠനകോൺഗ്രസ്. അവിടത്തെ ചർച്ചകളുടെ അടിസ്ഥാനത്തിൽ, സമ്പദ്ഘടനയെ രക്ഷിക്കാൻ സമ്പത്തുത്പാദനവും വിഭവസമാഹരണവും പൊതുവിലും പ്രാദേശികതലത്തിലും ഗണ്യമായി സംഘടിപ്പിക്കേണ്ടതുണ്ടെന്നും അതിൽ ജനങ്ങളെ വിപുലമായി അണിനിരത്തണമെന്നും ഉണ്ടായ വിലയിരുത്തലാണ് കേരളവികസനചരിത്രത്തിലെ വഴിത്തിരിവായ ധന-അധികാരവികേന്ദ്രീകരണത്തിലേക്കും ജനകീയാസൂത്രണത്തിലേക്കും നയിച്ചത്. തുടർന്നുള്ള ഓരോ പഠനകോൺഗ്രസും ഇത്തരത്തിൽ കേരളഭരണത്തിൽ നിർണ്ണായകമായി. പഠനകോൺഗ്രസുകൾക്കു പിന്നാലെ വന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സിപിഐ(എം)-ഉം ഇടതുപക്ഷ ജനാധിപത്യ മുന്നണി(LDF)യും പ്രകടനപത്രികകളിൽ സ്വാഭാവികമായും ആ ആശയങ്ങൾ ഗണ്യമായി ഉൾപ്പെടുത്തി. നാലിൽ മൂന്നു പഠനകോൺഗ്രസുകൾക്കും പിന്നാലെ അധികാരത്തിലെത്തിയത് സിപിഐ(എം) നേതൃത്വം നല്കുന്ന എൽഡിഎഫ് സർക്കാരുകൾ ആയിരുന്നതിനാൽ അതിലെ ആശയങ്ങൾ നടപ്പാക്കാനും കളമൊരുങ്ങി. 2011-ലെ പഠനകോൺഗ്രസിനു മാത്രമാണ് അതിന് അവസരമുണ്ടാകാതെപോയത്. സ്വന്തം കാലിൽ നില്ക്കാനും ഭാവിയിലേക്കു പ്രത്യാശയോടെ നോക്കാനും മികച്ച അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും സംരംഭവളർച്ചയും പ്രാദേശികസർക്കാരുകളുടെ ശാക്തീകരണവും സാർവ്വത്രികക്ഷേമവും എല്ലാമുള്ള ‘നവകേരള’ത്തിലേക്കു കുതിക്കാനുമെല്ലാം ഭാവികേരളത്തെപ്പറ്റിയുള്ള ഈ ജനകീയപഠപദ്ധതി വലിയ ശക്തിസ്രോതസായി.
ആദ്യം തിരുവനന്തപുരത്തു നടന്ന മൂന്നും നാലും ദിവസങ്ങളിലെ സമ്മേളനങ്ങളിൽനിന്നു 2016-ഓടെ കൂടുതൽ താഴേത്തലത്തിലേക്കും കൂടുതൽ വിഷയങ്ങളുടെ സമഗ്രപഠനത്തിലേക്കും പഠനകോൺഗ്രസ് വികസിച്ചു. വ്യത്യസ്ത വികസന-ക്ഷേമ രംഗങ്ങളെപ്പറ്റി വിശദമായ പ്രത്യേകസെമിനാറുകൾ വിവിധജില്ലകളിൽ സംഘടിപ്പിച്ചുതുടങ്ങി. ഇവയിൽ ഉയരുന്ന ആശയങ്ങൾ സമാഹരിച്ചു പഠനകോൺഗ്രസിൽ അവതരിപ്പിക്കുക എന്ന സമീപനം വന്നതോടെ ഓരോ വിഷയമേഖലയിലും കൂടുതൽ വിദഗ്ദ്ധർക്കും ആശയങ്ങൾക്കും ജനങ്ങൾക്കും അവസരമുണ്ടായി. ജനകീയാസൂത്രണത്തിലൂടെ കണ്ടെത്തിയ വിദഗ്ദ്ധരുടെ വലിയ സമൂഹവും പ്രാദേശികപ്രശ്നങ്ങളിൽ ഇടപെട്ടും പരിഹാരപദ്ധതികൾ ആവിഷ്ക്കരിച്ചും നടപ്പാക്കിവിജയിച്ചുമുള്ള വിപുലമായ അനുഭവസമ്പത്തു തുടർച്ചയായി സമാഹരിക്കാനും ഈ രീതി അവസരമൊരുക്കി. ഇത്തരം അനുഭവങ്ങൾ അക്കാദമികവിദഗ്ദ്ധർക്കു പുതിയ അനുഭവമായി. അവരുടെ കാഴ്ചപ്പാടുകളെ അതു പുതുക്കിപ്പണിതു. ഒപ്പം, പ്രാദേശികജനകീയപ്രശ്നങ്ങളിലേക്കു വിദഗ്ദ്ധരുടെ ശ്രദ്ധ എത്താനും അവരുടെകൂടി ആശയങ്ങൾ ലഭിക്കാനും ഇതു വഴിതുറന്നു. ഇത്തരത്തിൽ വിപുലപ്പെട്ട ജനകീയ, അക്കാദമിക തലങ്ങളോടെയാണ് അഞ്ചാം പഠനകോൺഗ്രസ് നടക്കുന്നത്.
REGISTRATION
(സെമിനാറുകളുടെയും സെഷനുകളുടെയും വിശദവിവരങ്ങൾ ഉടൻ ലഭ്യമാകും)

