മുപ്പത്തെട്ടു വർഷത്തിനുശേഷം കേരളം എങ്ങോട്ട്?
ഇ എം എസ് നമ്പൂതിരിപ്പാട്
ഒന്നാം പഠനകോൺഗ്രസിനെപ്പറ്റി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1994-ൽ എഴുതിയ ലേഖനം.
[ദേശാഭിമാനി പഠനകോൺഗ്രസ് സപ്ലിമെന്റ് 1994 ആഗസ്റ്റ് 27]
തിരുവിതാംകൂർ കൊച്ചി എന്ന രണ്ടു നാട്ടുരാജ്യങ്ങളും ബ്രിട്ടിഷ് പ്രവിശ്യയായിരുന്ന മലബാർ ജില്ലയും ചേർന്നു കേരളസംസ്ഥാനം രൂപപ്പെട്ടിട്ടു (1994) 38 വർഷം തികയുകയാണ്. ആ സംഭവം നടന്ന 1956 നവംബർ 1-ന് ഇപ്പോൾ മൂന്നുകോടിയോളമെത്തിയ അന്നത്തെ കേരളജനത ആശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും മുന്നോട്ടുനീങ്ങി. അന്നവർ പ്രകടിപ്പിച്ച ശുഭപ്രതീക്ഷ ഫലിച്ചുവോ, ഇല്ലെങ്കിലെന്തുകൊണ്ട്, എന്നു പരിശോധിക്കാനുള്ള സന്ദർഭമാണിത്.
കേരളം രൂപംകൊള്ളുന്നതിനുമുമ്പ് ഈ സംസ്ഥാനം ഏതു വഴിയിലൂടെ മുന്നേറണമെന്ന കാഴ്ചപ്പാടുള്ള ഒരേയൊരു രാഷ്ട്രീയകക്ഷിയേ സംസ്ഥാനത്തുണ്ടായിരുന്നുള്ളൂ - അന്നത്തെ അവിഭക്തകമ്മ്യൂണിസ്റ്റ് പാർട്ടി. തിരുവിതാംകൂറിലും കൊച്ചിയിലും കൊടികുത്തിവാണിരുന്ന നാടുവാഴിത്തഭരണം, മലബാറിലാകെയും കൊച്ചിയിൽ പല പ്രദേശങ്ങളിലും തിരുവിതാംകൂറിൽ അങ്ങിങ്ങായും നിലനിന്നിരുന്ന ജന്മിവാഴ്ച എന്നിവയെ അവസാനിപ്പിച്ച് ആധുനികജനാധിപത്യത്തിന്റേതായ ഒരു സംവിധാനം സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്ക്‌കാരികമായും രൂപപ്പെടുത്തുക എന്ന കാഴ്ചപ്പാട് പാർട്ടിക്കുണ്ടായിരുന്നു.
ആ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാനം രൂപംകൊള്ളുന്നതിനു നാലുവർഷം മുമ്പു നടന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പുകളിൽ തിരു-കൊച്ചിയിലും മലബാറിലുമുള്ള കമ്മ്യൂണിസ്റ്റുകാർ ഇടതുപക്ഷ-പുരോഗമനശക്തികളുമായി ചേർന്ന് വോട്ടർമാരെ സമീപിച്ചത്. 1956-ലെ കേരളസംസ്ഥാനരൂപീകരണത്തോടുകൂടി അതിലെ ആദ്യഭാഗം പൂർത്തിയായി. നാട്ടുരാജ്യപ്രദേശങ്ങളെന്നും ബ്രിട്ടീഷ് ഇന്ത്യയെന്നും വ്യത്യാസമില്ലാതെ തെക്കുപാറശ്ശാല തൊട്ട് വടക്കു മഞ്ചേശ്വരം വരെ നീണ്ടുകിടക്കുന്ന "മലയാളികളുടെ മാതൃഭൂമി' രൂപംകൊണ്ടു.
രണ്ടാമത്തെ ലക്ഷ്യം - ജന്മിത്വമവസാനിപ്പിക്കൽ - പ്രാവർത്തികമാക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് കേരളസംസ്ഥാനത്തെ പുതിയ തെരഞ്ഞെടുപ്പിന്റെ സമയത്ത് കമ്മ്യൂണിസ്റ്റുകാർ വോട്ടർമാരെ സമീപിച്ചത്. അതിനു ഫലമുണ്ടാവുകയും ചെയ്‌തു. വോട്ടിന്റെ കാര്യത്തിൽ ന്യൂനപക്ഷമാണെങ്കിലും, നിയമസഭയിൽ നേരിയ ഭൂരിപക്ഷമുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് ഗവർമെന്റ് നിലവിൽ വന്നു. അതിന്റെ പരിപാടിയിലെ ആദ്യത്തെ ഇനം സംസ്ഥാനവ്യാപകമായ ഭൂനിയമപരിഷ്കാരമായിരുന്നു.
കമ്മ്യൂണിസ്റ്റുപാർട്ടി വിഭാവനം ചെയ്യുന്നതുപോലെ വിപ്ലവപരമല്ലെങ്കിലും, അന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ സാധ്യമായത്ര മുന്നോട്ടുപോവുന്ന ഒരു ഭൂപരിഷ്കരണബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വ്യാപകമായ പിന്തുണയും അത്രതന്നെ വ്യാപകമായ എതിർപ്പും ഉണ്ടാക്കിയ ഭൂനിയമം ആ ഗവർമെന്റു മറിച്ചിടപ്പെടുന്നതിനു തൊട്ടുമുമ്പ് നിയമസഭ പാസാക്കി. പത്തുകൊല്ലത്തിനു ശേഷം സിപിഐഎം നേതൃത്തിലായിരുന്ന ഐക്യമുന്നണി ഗവർമെന്റ് സ്ഥാനഭ്രഷ്ടമാവുന്നതിനു തൊട്ടുമുമ്പ് നിയമസഭയിൽ അതു പാസാവുകയും ചെയ്തു. അങ്ങനെ 1970ന്റെ തുടക്കത്തിൽ കേരളത്തിന്റെ ഭൂനിയമപരിഷ്കാരം നിയമമായി ബലത്തിൽ വന്നു.
"പക്ഷെ, പ്രസക്തമായ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. ഭൂനിയമപരിഷ്കാരത്തിനുശേഷം എന്ത്? പാട്ടബാധ്യതയിൽനിന്നു മോചിതരാവുന്ന കൃഷിക്കാരും ഓരോ കൊച്ചു കുടിൽ കെട്ടാൻ പത്തുസെന്റ് കിട്ടുന്ന ഗ്രാമീണദരിദ്രരും എങ്ങനെ ജീവിക്കും?"
കാർഷികവൃത്തി ആദായകരമായി നടത്തി ജീവിക്കാൻ കൃഷിക്കാർക്കു കഴിയുമോ? കൃഷിഭൂമിയൊന്നും കിട്ടാതെ പത്തുസെന്റ് സ്ഥലംമാത്രം കിട്ടുന്ന ഗ്രാമീണദരിദ്രർക്ക് സ്വന്തമായി കിട്ടിയ സ്ഥലത്തു പാർത്ത് ജീവിക്കാൻ വേണ്ട തൊഴിൽ കിട്ടുമോ? പട്ടണപ്രദേശങ്ങളിലെ ഇടത്തരക്കാരും പാവപ്പെട്ടവരും എങ്ങനെ ജീവിക്കും?
ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ കമ്മ്യൂണിസ്റ്റുപാർടിക്ക് അന്നുമുതൽ ഇന്നുവരെ (1993 വരെ) കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടെന്നാൽ, 1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റുഗവർമെന്റു രൂപപ്പെട്ടതുതൊട്ട് ഇന്നേവരെ പാർട്ടിയുടെ മുമ്പിലുണ്ടായിരുന്ന പ്രധാന രാഷ്ട്രീയപ്രശ്നം ഭരണത്തിലിരിക്കുന്നതുതന്നെ ആയിരുന്നു. അവിഭക്തകമ്മ്യൂണിസ്റ്റുപാർട്ടിയുടെയും സിപിഐഎമ്മിന്റെയും നേതൃത്വത്തിൽ നാല് ഇടതുഗവർമെന്റുകൾ രൂപപ്പെട്ടുവെങ്കിലും അതോരോന്നിനെയും താഴത്തിറക്കാൻ പല തന്ത്രങ്ങളും ഫ്യൂഡൽ-ബൂർഷ്വാവർഗ്ഗങ്ങൾ മെനഞ്ഞെടുത്തു. അവയ്ക്കു മറുതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതുതന്നെ ശ്രമകരമായ ജോലിയായിരുന്നു.
ആ സ്‌ഥിതിക്ക്, ഫ്യൂഡലിസത്തിൽനിന്നു മോചനം നേടിയ കേരളജനതയുടെ സർവതോമുഖമായ പുരോഗതിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ കേരളത്തിലെ പാർട്ടിക്ക് (അതുവരെ) കഴിഞ്ഞില്ല.
എന്നാൽ ഇപ്പോൾ ആ സഥിതി മാറിവന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിന്റെ അയലത്തുപോലും നിർത്തരുതെന്നു കരുതി രൂപപ്പെട്ട വിരുദ്ധമുന്നണി തകർച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പ് എന്നു നടന്നാലും കമ്മ്യൂണിസ്റ്റ് നേത്യത്വത്തിൽ ഒരു ഇടതുപക്ഷ-ജനാധിപത്യഗവർമെന്റു രൂപപ്പെടുമെന്നു വ്യക്തമായിരിക്കുന്നു. അതു രൂപപ്പെടുന്നതിനു മുമ്പും പിമ്പുമായി ഇന്ന് ഐക്യജനാധിപത്യമുന്നണിയിൽ നില്ക്കുന്ന ജനലക്ഷങ്ങൾകൂടി ഇടതുപക്ഷ-ജനാധിപത്യമുന്നണിയുടെ ചേരിയിലേക്കു വരിക എന്നത് തികച്ചും സംഭവ്യമായിരിക്കുന്നു. അങ്ങനെ വരുമ്പോൾ പാർട്ടി എന്തുചെയ്യും എന്ന പ്രശ്നം ഉയർന്നുവന്നിരിക്കുന്നു.
അതേ അവസരത്തിൽ, കേരളത്തിന്റേതെന്നപോലെ പശ്ചിമബംഗാളിലെയും അനുഭവം കമ്മ്യൂണിസ്റ്റുകാരുടെ മുമ്പിലുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവർമെന്റിനുശേഷമാണ് അധികാരത്തിലെത്തിയതെങ്കിലും പശ്ചിമബംഗാളിലെ ഇടതുപക്ഷമുന്നണി 1977-തൊട്ട് തുടർച്ചയായി അധികാരത്തിലിരിക്കുകയാണ്. കേരളത്തിലെന്നപോലെ ജാതി-മതവർഗ്ഗീയശക്തികൾ ശക്തമല്ലാത്തതിനാൽ ബംഗാളിലെ ഇടതുപക്ഷമുന്നണിയെ അധികാരഭ്രഷ്ടമാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
ഈ അനുകൂലസാഹചര്യം ഉപയോഗിച്ച് ഇന്ത്യൻ ഭരണഘടനയെയും കേന്ദ്രത്തിലെ കോൺഗ്രസ് ഗവർമെന്റിന്റെ നയങ്ങളെയും മറികടക്കാതെ പശ്ചിമബംഗാളിലെ ജനങ്ങൾക്കു പരമാവധി ആശ്വാസം നൽകുന്ന ഒരു കാഴ്ചപ്പാടോടെ പശ്ചിമബംഗാളിന്റെ വികസനത്തിനുള്ള മാർഗ്ഗങ്ങൾ ഇടതുപക്ഷമുന്നണിയും അതിനു നേതൃത്വം നൽകുന്ന സിപിഐഎം-ഉം സ്വീകരിച്ചു. അതിന്റെ ഫലമായി കാർഷികരംഗത്തെ ഉൽപാദനവർദ്ധനയുടെ കാര്യത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും കവച്ചുവയ്ക്കുന്ന പദവിയിലേക്കു പശ്ചിമബംഗാൾ ഉയർന്നു. ഗ്രാമിണദരിദ്രരുടെ സാമ്പത്തികജീവിതനിലവാരവും ഉയർന്നു.
വിദ്യാഭ്യാസരംഗത്തും പൊതുജീവിതത്തിലും കോൺഗ്രസ് ഭരണകാലത്തു രൂപപ്പെട്ടിരുന്ന അരാജകാവസ്ഥ അവസാനിച്ച് സമാധാനപരമായ അന്തരീക്ഷം ഉണ്ടാവാൻ തുടങ്ങിയിരിക്കുന്നു. ഇത് വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ മുതലായവരെ ഇടതുഗവർമെന്റിനോട് അടുപ്പിച്ചുകൊണ്ടിരിക്കുന്നു.
പശ്ചിമബംഗാളിൽനിന്നുള്ള ഈ അനുഭവം പഠിക്കാൻ കേരളജനതയും ഇവിടത്തെ ഇടതുപക്ഷ-ജനാധിപത്യ മുന്നണിയും തയ്യാറായാൽ സംസ്ഥാനരൂപീകരണത്തിനുശേഷം ആദ്യമായി കേരളത്തിൽ ഒരു പുതിയ സംസഥാനവികസനാന്തരീക്ഷം ഉയർന്നുവരും. ഭൂനിയമപരിഷ്കാരത്തിനു ശേഷം മുരടിച്ചുനിൽക്കുന്ന കാർഷികരംഗമെന്നപോലെ വ്യാവസായികരംഗവും വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളും മറ്റെല്ലാ ജീവിതത്തുറകളും ഒരു പുതിയ മാർഗ്ഗത്തിലേക്കു നീങ്ങും. അതിനുള്ള പരിപാടി ആസൂത്രണം ചെയ്യലാണ് കേരളത്തെ സ്നേഹിക്കുന്ന ഓരോ കേരളീയരുടെയും ഇന്നത്തെ കടമ.
ഈ വഴിക്ക് ചിന്തിക്കാൻ കേരളജനതയെ പൊതുവിലും ഇവിടത്തെ രാഷ്ട്രീയപാർട്ടികളെ വിശേഷിച്ചും സഹായിക്കുന്ന ഒരു സമ്മേളനമാണ് ആഗസ്ത‌് 27 മുതൽ മൂന്നുദിവസം തിരുവനന്തപുരത്തു ചേരുന്നത്. ഉപരാഷ്ട്രപതി കെ.ആർ. നാരായണൻ ഉൽഘാടനംചെയ്യുന്നതും ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്നതും അറുന്നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്നതുമായ ആ സമ്മേളനം കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഭാവി രൂപപ്പെടുത്തുന്നതിനു വളരെയേറെ സഹായിക്കും.
സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ രണ്ടു വിഭാഗക്കാരുണ്ട്:
- അക്കാദമീയമായ പഠനഗവേഷണങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പണ്ഡിതർ
- വിവിധ രാഷ്ട്രീയപ്പാർട്ടികളിലോ വർഗബഹുജനസംഘടനകളിലോ മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളിലോ പ്രവർത്തിക്കുന്ന പ്രായോഗിക പ്രവർത്തകർ.
ഈ രണ്ടു വിഭാഗക്കാരും താന്താങ്ങൾക്കുള്ള അനുഭവത്തെ മുൻനിർത്തി ആശയവിനിമയം നടത്തും. അതിനുള്ള 73 വേദികളിലായിട്ടാണ് ചർച്ച നടക്കുക. അക്കാദമീയപണ്ഡിതരുടെ കണ്ടെത്തലുകളെ ആസ്പദമാക്കി പ്രശ്നപരിഹാരം കാണാൻ പ്രായോഗികപ്രവർത്തകർക്കും, പ്രായോഗികപ്രവർത്തകരുടെ അനുഭവങ്ങൾ സിദ്ധാന്തവൽക്കരിച്ച് അക്കാദമീയതലത്തിൽ പഠനഗവേഷണങ്ങളെ സമ്പുഷ്ടമാക്കാൻ പണ്ഡിതർക്കും ഈ വിവിധ വേദികൾ പ്രയോജനപ്പെടും.
അതായത്, ഈ പഠനകോൺഗ്രസിൽനിന്ന് കേരളത്തിന്റെ വികസനത്തിനുള്ള ഒരു രൂപരേഖ പുറത്തുവരികയില്ലെങ്കിലും രൂപരേഖയുണ്ടാക്കാൻ ബന്ധപ്പെട്ടവരെ ഈ പഠനകോൺഗ്രസിൽ നടക്കുന്ന ആശയവിനിമയം സഹായിക്കും.

