AKG Centre for Research and Studies

AKG Centre for Research and Studies

എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം


മഹാനായ വിപ്ലവകാരിയായിരുന്ന എ. കെ. ഗോപാലനോടുള്ള ബഹുമാനാര്‍ത്ഥം സ്ഥാപിക്കപ്പെട്ടതാണ് എകെജി പഠന-ഗവേഷണകേന്ദ്രം. ‘പാവങ്ങളുടെ പടത്തലവൻ’ എന്നു വിശേഷിപ്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി നേതവും പൊളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന എകെജി രാജ്യത്താകെ സഞ്ചരിച്ച്, ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരായി, നാട്ടിന്‍ പുറങ്ങളിലെയും നഗരങ്ങളിലെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചു. 1952-ല്‍ നടന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പു മുതൽ 1977 മാർച്ച് 22-നു ദിവംഗതനാകുന്നതുവരെ കാൽ നൂറ്റാണ്ടുകാലം ലോക്സഭാംഗം ആയിരുന്ന അദ്ദേഹം ഇൻഡ്യൻ പാർലമെന്റിലെ ആദ്യത്തെ പ്രതിപക്ഷനേതാവ് ആണ്.
 

ബ്രിട്ടിഷുകാർ അടച്ച തുറുങ്കിൽ കിടന്ന് ഇൻഡ്യയുടെ സ്വാതന്ത്ര്യപ്പിറവി കാണേണ്ടിവന്ന സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു എകെജി എന്നതും ചരിത്രം. ഏറെനാൾ ഒളിവിൽ കഴിഞ്ഞും രാഷ്ട്രീയപ്രവർത്തനം നടത്തി. ഗുരുവായൂർ സത്യാഗ്രഹ നായകരിൽ ഒരാളായിരുന്ന അദ്ദേഹം ഉപ്പു സത്യാഗ്രഹത്തിലും പട്ടിണിജാഥ, മിച്ചഭൂമിസമരം, അമരാവതി സമരം തുടങ്ങി മറ്റനവധി ജനമുന്നേറ്റങ്ങളിലും പല തൊഴിലാളിപ്രക്ഷോഭങ്ങളിലും നേതൃസ്ഥാനത്തുണ്ടായിരുന്നു. മികച്ച സഹകരണമാതൃകയായ ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എകെജി ആണ്.
 

അക്കാദമികപണ്ഡിതൻ ആയിരുന്നില്ലെങ്കിലും ജീവിതത്തിന്റെ നാനാതുറകളിലുംപെട്ട ബഹുജനപ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു സ്കൂള്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു അനൗപചാരിക സര്‍വ്വകലാശാല – പണ്ഡിതർക്കും സാമൂഹിക, രാഷ്ട്രീയരംഗങ്ങളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കും പരസ്പരം അറിവും അനുഭവവും കൈമാറാനുള്ള ഒരു സ്ഥാപനം –എന്ന നിലയ്ക്കാണ് എകെജി പഠനഗവേഷണകേന്ദ്രം ആരംഭിച്ചത്.  കേന്ദ്രത്തിന്‍റെ ആദ്യ ഡയറക്ടര്‍ സ. ഇ എം എസ് നമ്പൂതിരിപ്പാട് ആയിരുന്നു. ഇഎംഎസിനുശേഷം സ. (ഡോ.) ടി. എം. തോമസ്‌ ഐസക്ക് ആ ചുമതല ഏറ്റെടുത്തു. ഇപ്പോൾ സ. സി. എൻ. മോഹനൻ ആണു ഡയറക്ടർ.
 

ഗവേഷണകേന്ദ്രത്തിൻറെ ഭാഗമായി റഫറന്‍സ്‌ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്‌. വലിയൊരു ഗ്രന്ഥശേഖരത്തിനു പുറമേ പഴയകാലത്തെ പത്രമാസികകളും റഫറന്‍സിനായി ഇവിടെ ലഭിക്കും. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ്‌ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്‌. പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേരളവികസനത്തെ സംബന്ധിച്ച്‌ നാലു പഠനകോണ്‍ഗ്രസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം ആനുകാലികവിഷയങ്ങളിൽ നിരവധി സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്‌. എകെജി പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയാണ്‌ ‘മാര്‍ക്‌സിസ്റ്റ്‌ സംവാദം’. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലക്കങ്ങളായാണ് ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ്‌ സംവാദം പ്രസിദ്ധീകരിക്കുന്നത്‌.