ആരുടെയും കനിവിന് കാത്തുനില്‍ക്കാതെ സ്വന്തം കരുത്തില്‍ മുന്നേറാനാണ് കേരളം ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി

അഞ്ചാമത് കേരള പഠന കോണ്‍ഗ്രസിന് തുടക്കമായി

തിരുവനന്തപുരം: ആരുടെയും കനിവിന് കാത്തുനില്‍ക്കാതെ സ്വന്തം കരുത്തില്‍ മുന്നേറാനാണ് കേരളം ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എകെജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് കേരളപഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള ആഗോള വൈജ്ഞാനിക സാമ്പത്തിക സഹകരണം സാധ്യമാക്കാന്‍ അനുവദിക്കുന്ന ഭരണ സംവിധാനമല്ല ഇന്ത്യയിലുള്ളത്. ഈ പരിമിതിയില്‍ തളരാതെ ഭരണഘടന അനുവദിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് വികസിത കേരളം എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. രാജ്യത്തിന്റെ ജനസംഖ്യയുടെ 2.59 ശതമാനം കേരളത്തില്‍ നിന്നാണ്്. എന്നാല്‍ കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതം 1.92 ശതമാനം മാത്രമാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.9 ശതമാനമായിരുന്ന വിഹിതമാണ് ഈ നിലയിലേക്ക് വെട്ടിക്കുറച്ചത്. വായ്പാ വിഹിതത്തില്‍ പോലും വെട്ടിക്കുറവുണ്ടായി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടു ലക്ഷം കോടിയോളം രൂപ കേന്ദ്രം നിഷേധിച്ചു. നികുതി വിഹിതത്തിലെ മാറ്റം വഴി പതിനയ്യായിരം കോടിയോളം രൂപ കേരളത്തിന് നഷ്ടമായി. കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ മാത്രമാണ് കേന്ദ്ര വിഹിതം. എന്നാല്‍ മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് ഇത് 80 ശതമാനം വരെയാണ്. ഈ ഞെരുക്കത്തിനിടയിലും കേരളം നേട്ടങ്ങള്‍ കൈവരിക്കുന്നു എന്നതാണ് കാണേണ്ടത്.

സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാന കണക്കില്‍ പതിനൊന്നാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കേരളം ഉയര്‍ന്നിട്ടുണ്ട്. ഇതൊക്കെ ശരിയായ വികസന പാതയിലാണ് നാം എന്നതിന്റെ തെളിവുകളാണ്. ഇതില്‍ തൃപ്തിപ്പെട്ട് ഒതുങ്ങിക്കൂടാനാകില്ല. ലക്ഷ്യത്തിലെത്താനുള്ള വേഗം വര്‍ധിപ്പിക്കണമെന്നും അതിനുള്ള മാര്‍ഗങ്ങളാണ് പഠന കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചു കേരളം എന്ന അപകര്‍ഷതാബോധത്തില്‍ നിന്നും മഹത്തായ കേരളം എന്ന ആത്മവിശ്വാസത്തിലേക്ക് മാറണം. ഈ ആത്മവിശ്വാസത്തിന് ബലം നല്‍കാന്‍ വേണ്ടത്ര വിഭവങ്ങളും അത് ഉപയോഗിക്കാനുള്ള കേരളീയത എന്ന വികാരവും നമുക്കുണ്ട്. കേരള വികസന മാതൃകയെ കാലാനുസൃതമായി പുതുക്കിപ്പണിയുക എന്നതാണ് അടുത്ത ദൗത്യം. ഭാവി കേരളം നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങളിലുള്ള കേരളമായിരിക്കണം. അതൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം ചുരുങ്ങരുത്. ലോക നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാനാകണം. ലോകത്തിന് ആ രീതിയില്‍ സംഭാവന നല്‍കാന്‍ കഴിയുന്ന മനുഷ്യവിഭവശേഷിയുടെ കേന്ദ്രമായി കേരളം മാറണം. ബ്രെയിന്‍ ഡ്രെയിനിന്റെ കാലത്തുനിന്ന് ബ്രെയിന്‍ ഗെയിനിന്റെ കാലത്തിലേക്ക് കേരളത്തിനെ എത്തിക്കാനാകണം. ബ്രൈറ്റ് ഫ്യൂച്ചറും ഗ്രീന്‍ ഫ്യൂച്ചറും ഒരുപോലെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നാം ഏറ്റെടുക്കേണ്ടത്.

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിഭവസമാഹരണത്തിനുള്ള പുതിയ സാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ട്. വിഭവസമാഹരണത്തിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിന് ഉതകുംവിധം കാര്‍ഷിക മേഖല മുതല്‍ നൂതനമായ വ്യവസായ മേഖല അടക്കം വര്‍ധിച്ച തോതില്‍ വരുമാനദായകമാക്കാനുള്ള കാഴ്ചപ്പാടോടെ മൂന്നോട്ട് പോകണം. പത്തുവര്‍ഷത്തെ ഭരണത്തുടര്‍ച്ച നല്‍കിയ അനുഭവസമ്പത്തും വെല്ലുവിളികളും അവസരങ്ങളും മുന്‍പിലുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം ഇരട്ടിയാക്കുകയും ഓരോ കുടുംബത്തിന്റെയും ജീവിത നിലവാരം വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിനോട് അടുത്തു നില്‍ക്കുന്ന നിലയിലാക്കുകയുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദൗത്യം. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ സാമൂഹ്യക്ഷേമ ഇടപെടലുകള്‍ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ വികസിത നവകേരളം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

പത്ത് വര്‍ഷത്തെ ഭരണകാലകൊണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് ഉറച്ച അടിത്തറയൊരുക്കാന്‍ സാധിച്ചിട്ടുണ്ട്.  ജീവിതത്തിന്റെ എല്ലാ മേഖലകളിലും നവകേരളം എന്താകണമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിഞ്ഞു. സാമ്പത്തിക വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. കേന്ദ്രം ഏര്‍പ്പെടുത്തിയ ധന പരിമിതികള്‍, കട നിയന്ത്രണങ്ങളും, കടം നീണ്ടേല്‍ക്കുന്നതും സംസ്ഥാനങ്ങളെ പൊതുവെ ബാധിക്കുകയാണ്. എങ്കിലും വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികാസം, വ്യവസായം ഇവയിലെല്ലാം നിക്ഷേപം തുടരാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. മതനിരപേക്ഷതയും, സാമൂഹ്യ സൗഹാര്‍ദ്ദവും കേരളത്തിന്റെ  നവികസനത്തിന്റെ ഏറ്റവും പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടസമ്മേളനത്തില്‍ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള അധ്യക്ഷനായി. എഴുത്തുകാരി കെ.ആര്‍. മീര, മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. രാജീവ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എ. വിജയരാഘവന്‍, ടി.എം. തോമസ് ഐസക്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,  എല്‍ഡിഎഫിലെ വിവിധ ഘടകകക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഠന കോണ്‍ഗ്രസിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നാലു സിമ്പോസിയങ്ങളും 44 അനുബന്ധ സെഷനുകളും നടക്കും. കേരളത്തിന്റെ വികസന മാതൃക, ശാസ്ത്ര-സാങ്കേതിക നയം, മതേതര സംസ്‌കാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.