പഠനകോൺഗ്രസും ഇ‌എം‌എസും

പഠനകോൺഗ്രസും ഇ‌എം‌എസും

[ഡോ. ടി. എം. തോമസ് ഐസക്കിന്റെ കുറിപ്പ്]


വീണ്ടുമൊരു പഠനകോ‌ൺഗ്രസിന് ഒരുങ്ങുമ്പോൾ, 1994ലെ ഒന്നാം കേരള പഠനകോൺഗ്രസിന്റെ അവിസ്മരണീയമായ ഒത്തിരി ഓർമ്മകൾ മനസിൽ ഉണരുന്നു. ആ മഹത്തായ സംവാദത്തിന്റെ തുടക്കവും അവസാനവും ഇഎംഎസായിരുന്നു. ഇത്തരമൊരു മഹാസമ്മേളനത്തിന്റെ പ്രസക്തിയെക്കുറിച്ച്  ഇഎംഎസിനു സമ്പൂർണമായ ധാരണയുണ്ടായിരുന്നു.
 

കേരളത്തെക്കുറിച്ചു പഠിച്ചിട്ടുളള മുഴുവൻ പണ്ഡിതരെയും ക്ഷണിക്കണം എന്ന് ആദ്യം തീരുമാനിച്ചു. പിന്നെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഞങ്ങളുടെ ഒരു ചെറിയ ടീം പ്രധാനപ്പെട്ട ജേണലുകളിലും ഇന്ത്യയിലെ എല്ലാ പ്രധാന സർവകലാശാലകളിലും കേരളത്തെക്കുറിച്ചു ഗവേഷണപ്രബന്ധങ്ങൾ സമർപ്പിച്ചിട്ടുളളവരുടെ പട്ടിക തയ്യാറാക്കി. അവർക്കോരോരുത്തർക്കും അവരവരുടെ പഠനവിഷയത്തെ പരാമർശിച്ചുകൊണ്ട്, അതുസംബന്ധിച്ചു സംസാരിക്കാൻ കോൺഗ്രസിലേയ്ക്കു ക്ഷണിച്ച് ഇ‌എം‌എസ് കത്തയച്ചു. രണ്ടായിരം കത്തെങ്കിലും ഇഎംഎസ് നേരിട്ട് ഒപ്പിട്ടിട്ടുണ്ട്. തന്റെ പഠനവിഷയം ഇഎംഎസ് എങ്ങനെ അറിഞ്ഞുവെന്ന് കത്തുകിട്ടിയ പലരും അത്ഭുതപ്പെട്ടിട്ടുണ്ടാകാം.
 

ഇപ്പോഴുമോർക്കുന്ന ഒരു രംഗം, അന്ന് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഡോ. ജെയിംസ് ഇഎംഎസിനെ കാണാൻ വന്നതാണ്. അദ്ദേഹത്തിന്റെ ഗവേഷണവിഷയം ജലവിഭവം ആയിരുന്നില്ല, കുട്ടനാട്ടിലെ ക്രിസ്ത്യൻ പളളികളുടെ വാസ്തുശിൽപശൈലി ആയിരുന്നു. ഒരുപക്ഷേ, അദ്ദേഹം പോലും ഇതു മറന്നുപോയിരുന്നിരിക്കാം. അദ്ദേഹത്തിന്റെ ഗവേഷണവിഷയം പരാമർശിച്ചുളള ഇഎംഎസിന്റെ കത്തുകിട്ടിയപ്പോൾ അത്യത്ഭുതത്തോടെയാണ് “എന്താണ് വേണ്ടത്” എന്നു ചോദിക്കാൻ അദ്ദേഹം ഇഎംഎസിനെ സന്ദർശിച്ചത്. 
സമ്മേളനത്തിനു പണമുണ്ടാക്കിയതും സ. ഇഎംഎസ് തന്നെ ആയിരുന്നു. ഏതാണ്ട് ഒരു വർഷക്കാലത്തെ തയ്യാറെടുപ്പുപ്രവർത്തനങ്ങൾ നടന്നു. കോൺഗ്രസിന്റെ തീയതി ആയപ്പോഴേയ്ക്കും തുടക്കത്തിൽ ചിന്തിച്ചതിനപ്പുറത്തേയ്ക്ക് അതു വളർന്നുകഴിഞ്ഞിരുന്നു. മൂന്നു ദിവസത്തെ സമ്മേളനം. അറുപതു ചർച്ചാവേദികൾ. നാലു വാല്യം പ്രബന്ധങ്ങൾ. ഭൂരിപക്ഷം സംസ്ഥാനങ്ങളിലുംനിന്നു പ്രതിനിധികൾ. പത്തുലക്ഷം രൂപയെങ്കിലും ചെലവു വരും. ഇതെങ്ങനെ കണ്ടെത്തും?


ഒരു ദിവസംകൊണ്ട്  സ. ഇഎംഎസ് ഈ പണം സമാഹരിച്ചു. എകെജി സെന്ററിലേയ്ക്ക് പതിനഞ്ചു മിനിട്ട് ഇടവിട്ട് പ്രധാനപ്പെട്ട എല്ലാ വർഗ-ബഹുജനസംഘടനാനേതാക്കളെയും ക്ഷണിച്ചു; സഹായം അഭ്യർത്ഥിച്ചു. ഉച്ചയായപ്പോഴേയ്ക്കും ഫണ്ടിന്റെ പ്രശ്നം പരിഹൃതമായി. ഓരോ നേരത്തെയും ഭക്ഷണം ഓരോ സംഘടനയാണു സ്പോൺസർ ചെയ്തത്.
 

മൂന്നു ദിവസവും പൂർണമായും ഇഎംഎസ് സമ്മേളനത്തിൽ പങ്കെടുത്തു. പല സമ്മേളനഹാളുകളിലും കേൾവിക്കാരനായി അദ്ദേഹമുണ്ടായിരുന്നു. ഒരു രംഗം ഞാനൊരിക്കലും വിസ്മരിക്കില്ല. വന്ദ്യവയോധികനായ ഡോ. പി. ആർ. പിഷാരടിയുടെ പ്രസംഗം കേൾക്കാൻ ഇഎംഎസും സദസിലുണ്ടായിരുന്നു. 
സമ്മേളനം കഴിഞ്ഞു പുറത്തിറങ്ങിയ ഇഎംഎസിന്റെ അടുത്തേയ്ക്ക് ഡോ. പിഷാരടി നടന്നു ചെന്നു. പിന്നെ നടന്നത് ഒരാളും ചിന്തിക്കാത്ത ഒന്നാണ്. അദ്ദേഹം ഇഎംഎസിനെ സാഷ്ടാംഗം പ്രണമിച്ചു! ഇഎംഎസും സ്തംഭിച്ചുപോയി. ഞങ്ങൾ ഡോ. പിഷാരടിയെ പിടിച്ചെഴുന്നേൽപ്പിച്ചു. “എന്തൊക്കെയാ ഈ ചെയ്യുന്നേ” എന്നായി ഇഎംഎസ്. ഡോ. പിഷാരടി പറഞ്ഞു, “ഇങ്ങനെ ഞങ്ങളെയെല്ലാം വിളിച്ചുകൂട്ടി, എന്തേ വേണ്ടത് എന്നു ചോദിക്കാൻ ഒരാൾക്കു തോന്നിയല്ലോ. അതിനെന്റെ പ്രണാമമാണ്”.
 

വരൂ... കേരള പഠന കോൺഗ്രസിന്റെ അഞ്ചാം പതിപ്പിൽ പങ്കാളിയാകൂ! ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ പരിമിതിയ്ക്കുളളിൽ നിന്നുകൊണ്ട് കേരളത്തിലെങ്ങനെ ഒരു ഇടതുപക്ഷബദൽ ഇന്നു കരുപ്പിടിപ്പിക്കാമെന്നതിനെക്കുറിച്ചുളള സംവാദത്തുടർച്ചയിൽ പങ്കാളിയാകൂ!