കേരളത്തിന്റെ പൊതുധനകാര്യ പ്രശ്നങ്ങളെക്കുറിച്ചും സുസ്ഥിര ധനസ്ഥിതിയ്ക്കായി സ്വീകരിയ്ക്കേണ്ട നയങ്ങൾ എന്തൊക്കെയാവണം എന്നതിനെപ്പറ്റി വിശദമായ ചർച്ചകൾക്ക് വേദിയൊരുക്കുന്ന ദ്വിദ്വിന സെമിനാർ തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയിൽ ആരംഭിച്ചു. എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തിന്റെ അഞ്ചാമത് അന്താരാഷ്ട്ര പഠനകോൺഗ്രസ്സിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രമുഖ സാമ്പത്തിക വിദഗ്ധനും സംസ്ഥാന ആസൂത്രണബോർഡ് വൈസ് ചെയർമാനുമായ പ്രൊഫ. വി. കെ. രാമചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഓരോ സംസ്ഥാനത്തിനും തുല്യമായി അധികാരം വിതരണം ചെയ്താലേ രാജ്യം പുരോഗതി കൈവരിക്കുകയുള്ളൂവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി. കെ. രാമചന്ദ്രൻ പറഞ്ഞു. ധനകാര്യ വ്യവസ്ഥിതി സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര-സംസ്ഥാന ബന്ധം പ്രധാനമാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം നിരന്തരം കടന്നുകയറുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണ അധികാരത്തിൽ പോലും കേന്ദ്രം കൈ കടത്തുകയാണെന്നും ഒരു തദ്ദേശസ്ഥാപനം ഏറ്റെടുക്കുന്ന പ്രൊജക്റ്റ് കാര്യത്തിൽ പോലും കേന്ദ്രനയം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് ധനകാര്യ കമ്മീഷന്റെ ഇടപെടലിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡബിൾ എഞ്ചിൻ ഗവൺമെന്റ് എന്നാൽ സാമ്പത്തിക ഏകാധിപത്യത്തിന്റെ മറ്റൊരു വാക്കാണെന്നും ഭൂരിഭാഗം സാമ്പത്തിക സ്രോതസ്സുകളും കൈയ്യാളുന്നത് കേന്ദ്രസർക്കാരാണെന്നും കൃത്യമായ വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന സമ്മേളനത്തിൽ അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ് അക്കാദമിക്ക് കമ്മിറ്റി ചെയർമാൻ എസ്. രാമചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, വ്യവസായം, കൃഷി എന്നീ മേഖലകളിൽ കേരളം ഗണ്യമായ വളർച്ച കൈവരിക്കണമെന്ന് സെമിനാർ ഡയറക്ടറും മുൻ ധനകാര്യവകുപ്പ് മന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക് ആമുഖഭാഷണത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ കേന്ദ്ര സംസ്ഥാന സർക്കാർ ബന്ധത്തെക്കുറിച്ച് ചർച്ചചെയ്യണമെന്നും ഇന്ന് ഫെഡറലിസം വലിയ ഭീഷണി നേരിടുകയാണെന്നും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ. പുലിൻ നായക്ക് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഹോണററി ഫെല്ലോ ആർ. മോഹൻ സ്വാഗതവും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ വിസിറ്റിംഗ് ഫാക്കൽറ്റി എൽ. അനിതകുമാരി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ സെഷനുകളിലായി സാമ്പത്തിക മേഖലയിലെ വിദഗ്ധർ പങ്കെടുത്ത സിമ്പോസിയവും ചർച്ചകളും നടന്നു. കാട്ടായിക്കോണം വി. ശ്രീധർ പഠനഗവേഷണ കേന്ദ്രവുമായി സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചുവരുന്നത്.