കേരള വികസനം ഇന്ന്‌ വലിയ ഒരു പ്രതിസന്ധിയെ നേരിടുകയാണ്‌. ഇതര സംസ്ഥാനങ്ങള്‍ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ പലതും നമുക്ക്‌ നേടാന്‍ കഴിഞ്ഞിട്ടില്ല. ഒട്ടേറെ സവിശേഷതകളുള്ള കേരളത്തില്‍ ഇതരസംസ്ഥാനങ്ങളിലെ വികസന മാതൃക അതേപടി എല്ലാ കാര്യത്തിലും പകര്‍ത്താന്‍ കഴിയുന്നതുമല്ല. ജനസാന്ദ്രത, വികസനത്തിനും കൃഷിക്കുമുള്ള ഭൂമിയുടെ അഭാവം, ഭക്ഷ്യകാര്യത്തിലെ പരാശ്രയത്വം, വിദ്യാസമ്പന്നരുടെ വര്‍ദ്ധിച്ച തൊഴിലില്ലായ്‌മ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്‌, വിദേശ പണവരവിനെ ആശ്രയിച്ചുള്ള സമ്പദ്‌ഘടന എന്നുതുടങ്ങിയ സവിശേഷതകള്‍ നിരവധിയാണ്‌. ഇതിനിടയില്‍ നാം കൈവരിച്ച ക്ഷേമവും, മാനവവികസനത്തില്‍ നേടിയെടുത്ത മേല്‍ക്കൈയും നിലനിര്‍ത്തണം. അതിലുപരിയായി ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളീയര്‍ നേരിടുന്ന ജീവിതശൈലീ രോഗങ്ങളും, നാട്‌ നേരിടുന്ന മാലിന്യപ്രശ്‌നവും ഉള്‍പ്പെടെയുള്ള രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അഭ്യസ്‌തവിദ്യര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുന്ന മേഖലകള്‍ ഉണ്ടെങ്കിലും അവ മനസിലാക്കി വികസിപ്പിക്കാന്‍ കഴിയുന്നില്ല. ലക്ഷ്യബോധമില്ലാത്ത വികസനാനുകരണങ്ങളും മെഗാപദ്ധതികളുടെ പ്രഖ്യാപനങ്ങളും വഴി പരിഹരിക്കാവുന്നതല്ല നമ്മുടെ വികസനപ്രതിസന്ധി.
ഇക്കാര്യങ്ങള്‍ സമഗ്രമായി പഠിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യേണ്ട ഔദ്യോഗികസംവിധാനങ്ങള്‍, ആഗോളീകരണത്തിന്റെ പ്രചാരകരായി ജനവിരുദ്ധ വികസനമാതൃകകളാണ്‌ പൊതുവില്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. സാമ്പത്തിക അച്ചടക്കം പോലും പാലിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍, വികസന വായ്‌ത്താരികള്‍കൊണ്ടു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു. നാലര വര്‍ഷത്തെ യു.ഡി.എഫ്‌ ഭരണം സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയില്‍ ആഴ്‌ത്തിയിരിക്കുകയാണ്‌. `മാനവ വികസന സൂചിക’കളുടെ കാര്യത്തില്‍ സുപ്രധാനപുരോഗതി ഉണ്ടായിട്ടുണ്ടെന്നിരിക്കിലും കേരളം ഇന്ന്‌ തൊഴില്‍ മേഖലയിലും, കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലെ ഉല്‍പാദനത്തിന്റെ കാര്യത്തിലും കടുത്ത പ്രതിസന്ധി നേരിടുകയാണ്‌. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ നമ്മള്‍ പുറകിലാണ്‌. സംസ്ഥാന ആസൂത്രണബോര്‍ഡ്‌ കണ്‍സള്‍ട്ടന്റുമാരെവച്ച്‌ സൃഷ്‌ടിച്ച വികസന പരിപ്രേക്ഷ്യം (വിഷന്‍- 2030) ഇത്തരം വിഷയങ്ങളെ അഭിമുഖീകരിക്കാത്തതും നിയോലിബറല്‍ നയങ്ങളെ മറയില്ലാതെ മുന്നോട്ട്‌ വെയ്‌ക്കുന്നതുമാണ്‌. ഇത്തരം നിയോലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട്‌ ജനകീയബദല്‍ അവതരിപ്പിക്കാനുള്ള പരിശ്രമമാണ്‌ അന്താരാഷ്‌ട്ര കേരള പഠനകോണ്‍ഗ്രസ്‌.
മുതലാളിത്ത രീതിയിലുള്ള വികസനപരിപാടികള്‍ പൊതുവില്‍ ധനിക-ദരിദ്ര അന്തരം വര്‍ദ്ധിപ്പിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യും എന്നത്‌ അനുഭവത്തിലൂടെ വ്യക്തമായിട്ടുള്ളതാണ്‌. റബ്ബര്‍ കര്‍ഷകര്‍ ഇടയ്‌ക്കിടയ്‌ക്ക്‌ നേരിടുന്ന പ്രതിസന്ധി ആഗോളീകരണത്തിന്റെ കൂടി ഫലമാണ്‌. ഇവിടെയാണ്‌ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും ദരിദ്രരുടെയും വികസനവും ക്ഷേമവും ഉറപ്പാക്കുന്ന സുസ്ഥിരമായ ഇടതുപക്ഷ വികസനബദലിന്റെ പ്രസക്തി. ഐക്യകേരള പ്രസ്ഥാനക്കാലത്തു കമ്മ്യൂണിസ്റ്റ്‌ പാര്‍ടി രൂപം നല്‍കിയ വികസന അജണ്ട പില്‍ക്കാലത്തെ കേരളത്തെ മാറ്റിമറിച്ചു. ഒന്നാമത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയും പിന്നീടുവന്ന ഇടതുപക്ഷജനാധിപത്യ മന്ത്രിസഭകളും വ്യക്തമായ പഠനങ്ങളിലൂടെ രൂപപ്പെടുത്തിയ കാഴ്‌പ്പാടിന്റെ അടിസ്ഥാനത്തിലുള്ള പരിപാടികളാണ്‌ നടപ്പാക്കിയത്‌.
ഭൂപരിഷ്‌ക്കരണം, വിദ്യാഭ്യാസപരിഷ്‌ക്കാരം, അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, കൂട്ടുകൃഷി, സാക്ഷരതായജ്ഞം, പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തല്‍, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കല്‍ തുടങ്ങി കേരളത്തിന്‌ വികസന-ക്ഷേമരംഗങ്ങളില്‍ അവകാശപ്പെടാനുള്ള മാതൃകാ സംഭാവനകള്‍ നല്‍കിയത്‌ ഇടതുപക്ഷം നയിച്ച സര്‍ക്കാരുകളാണ്‌. എന്നാല്‍, ഓരോ ഇടതുപക്ഷ നേതൃഭരണങ്ങളുടേയും സംഭാവനകളെ അട്ടിമറിക്കുകയോ അവഗണിക്കുകയോ അധഃപതിപ്പിക്കുകയോ ചെയ്യുകയായിരുന്നു പിന്നാലെ വന്ന യു.ഡി.എഫ്‌ മന്ത്രിസഭകള്‍. ജനതാല്‍പര്യമില്ലാത്ത അത്തരം പ്രവൃത്തികള്‍ കേരളവികസനത്തെ കാല്‍ നൂറ്റാണ്ടെങ്കിലും പിന്നോട്ടടിച്ചു. എന്നാല്‍ പ്രതിപക്ഷത്തായാലും ജനകീയ പച്ചക്കറിക്കൃഷി, മാലിന്യസംസ്‌ക്കരണം, സാന്ത്വന പരിചരണം തുടങ്ങിയവയെല്ലാം ഏറ്റെടുത്തും നടപ്പാക്കിയും ജനങ്ങളോടും നാടിനോടുമുള്ള പ്രതിബദ്ധത കമ്മ്യൂണിസ്റ്റുകാരും എല്‍.ഡി.എഫ്‌ പ്രസ്ഥാനവും അടിവരയിട്ടു.
1994-ലാണ്‌ കേരളപഠനകോണ്‍ഗ്രസ്‌ എന്ന സംവാദത്തിനു തുടക്കം കുറിച്ചത്‌. ഇതില്‍ സ: ഇ.എം.എസിന്റെ പങ്ക്‌ നിര്‍ണ്ണായകമാണ്‌. ഇന്ത്യയിലും ലോകത്തും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക്‌ അനുസൃതമായി നമ്മുടെ സംസ്ഥാനത്തും പുതിയ വികസന അജണ്ടയ്‌ക്ക്‌ രൂപം നല്‍കണം എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഒന്നാം അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസ്‌ വിളിച്ചു ചേര്‍ത്തത്‌. തുടര്‍ന്ന്‌ 2005-ലും 2011-ലും യഥാക്രമം രണ്ടും മൂന്നും പഠന കോണ്‍ഗ്രസുകള്‍ നടന്നു. അവയുടെ തുടര്‍ച്ചയാണ്‌ നാലാം പഠന കോണ്‍ഗ്രസ്‌.
നവകേരളം രൂപപ്പെടുത്താനുള്ള ഉള്ളുതുറന്നതും ആഴത്തിലുള്ളതുമായ സംവാദത്തിന്റെ വേദിയാണ്‌ അന്താരാഷ്‌ട്ര കേരള പഠനകോണ്‍ഗ്രസ്‌. ഇത്‌ ലോകത്ത്‌ തന്നെ സമാനതകളില്ലാത്ത വിപുലമായ വികസന സംവാദമാണ്‌. മൂവായിരത്തോളം പ്രതിനിധികളെ പ്രതീക്ഷിക്കുന്നു. പ്രൊഫഷണലുകള്‍, പണ്ഡിതര്‍, മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ബഹുജനസംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാവരെയും ഉള്‍ക്കൊളളുന്ന വിപുലമായ വേദിയാണിത്‌.
ഇത്തവണ കേരള പഠനകോണ്‍ഗ്രസില്‍ 51 സമാന്തര സെഷനുകളിലായി അഞ്ഞൂറിലേറെ വിദഗ്‌ദ്ധര്‍ പങ്കെടുക്കും. വ്യവസായം, കൃഷി, തൊഴില്‍, ഭൂമിപ്രശ്‌നം, മാധ്യമം, സാമൂഹികസുരക്ഷ, ദളിത്‌-ആദിവാസി വിഷയങ്ങള്‍, സ്‌ത്രീകളുടെ പാര്‍ശ്വവല്‍ക്കരണം, ലിംഗനീതി, ട്രാന്‍സ്‌ജെന്‍ഡര്‍, സാന്ത്വനചികിത്സ തുടങ്ങി വികസനത്തിന്റെ സമസ്‌ത മേഖലകളിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനുതകുന്ന സെഷനുകളാണ്‌ ഇവ. കൃഷിയും അനുബന്ധമേഖലകളും സംബന്ധിച്ച 6 സെഷനുകളും വ്യവസായവുമായി ബന്ധപ്പെട്ട 5 സെഷനുകളും ഉണ്ടാകും. ഭാഷ, സംസ്‌കാരം, മലയാളം കമ്പ്യൂട്ടിങ്ങ്‌, മാലിന്യസംസ്‌കരണം, സ്‌പോര്‍ട്‌സ്‌, പ്രവാസിക്ഷേമം എന്നീ സെഷനുകളും രണ്ടുദിവസമായി നടക്കും. ഓരോ സെഷനിലും പത്തുവീതം വിദഗ്‌ദ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രതിനിധികള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവഗവേഷകര്‍ക്കായി പ്രത്യേക സെഷനും സംഘടിപ്പിച്ചിട്ടുണ്ട്‌.
കേരളവികസനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ ദിശാസൂചകങ്ങളായ നയങ്ങളും കര്‍മ്മപരിപാടികളും അടങ്ങുന്ന ഇടതുപക്ഷ വികസന പരിപ്രേക്ഷ്യത്തിനും, വരുന്ന അഞ്ചുവര്‍ഷത്തേയ്‌ക്ക്‌ നടപ്പാക്കേണ്ട കൃത്യമായൊരു അജണ്ടയ്‌ക്കും കേരള പഠനകോണ്‍ഗ്രസ്‌ രൂപം നല്‍കും. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ വിഷന്‍-2030’ല്‍ നിന്നു വ്യത്യസ്‌തമായി പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്റുമാരല്ല, പണ്ഡിതരും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമെല്ലാം ചേര്‍ന്നാണ്‌ ഇടതുപക്ഷ അജണ്ടയ്‌ക്ക്‌ രൂപം നല്‍കുന്നത്‌. ഇതിനു മുന്നോടിയായി ബഹുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വ്യത്യസ്‌ത വിഷയങ്ങളിലായി ഇരുപതോളം മേഖലാ സെമിനാറുകള്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്നു. ഈ സെമിനാറുകളിലെല്ലാം കൂടി പതിനായിരത്തില്‍പ്പരം പ്രതിനിധികള്‍ പങ്കെടുത്തു. നൂറുകണക്കിന്‌ വിദഗ്‌ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ഈ സെമിനാറുകളിലെ നിഗമനങ്ങളും വിശകലനങ്ങളും ക്രോഡീകരിച്ചാണ്‌ കേരള പഠനകോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കേരള വികസന അജണ്ട തയ്യാറാക്കിയിട്ടുള്ളത്‌.
ഇവിടെ രൂപം നല്‍കുന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും വികസനരേഖകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള സെമിനാറുകള്‍ ഫെബ്രുവരിയില്‍ നടത്തും. ഇങ്ങനെ പൂര്‍ണ്ണരൂപം കൊളളുന്ന ഇടതുപക്ഷ ബദല്‍ കാഴ്‌ചപ്പാട്‌ യു.ഡി.എഫിന്റെ വികസന രേഖയ്‌ക്കുളള ജനകീയ ബദലായിരിക്കും. 

പിണറായി വിജയന്‍