പുതിയ കേരളം പടുത്തുയര്‍ത്താന്‍
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നിര്‍ദ്ദേശങ്ങള്‍
(1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശ്ശൂര്‍ വെച്ച് ചേര്‍ന്ന പാര്‍ടിയുടെ
കേരള സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ നിന്നുള്ള ഭാഗം)
ഇങ്ങനെ ഇടതുപക്ഷപാര്‍ടികള്‍, ജനാധിപത്യവാദികളായ വ്യക്തികള്‍, കോണ്‍ഗ്രസിന്‍റെ ജനാധിപത്യവിരുദ്ധനയങ്ങള്‍ക്കെതിരായി പോരാടുന്ന കോണ്‍ഗ്രസുകാര്‍ എന്നിവരെയെല്ലാം യോജിപ്പിച്ച് ജനാധിപത്യപരവും ഐശ്വര്യപൂര്‍ണവുമായ പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനു അടിസ്ഥാനമായി താഴെകൊടുക്കുന്ന മിനിമം പരിപാടി കമ്മ്യൂണിസ്റ്റ്പാര്‍ടി ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുന്നു.
അതോടൊപ്പംതന്നെ, ഈപരിപാടി മുഴുവന്‍ അംഗീകരിക്കാത്തവരോ, മുഴുവന്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍പോലും അതു കോണ്‍ഗ്രസിനെക്കൊണ്ടു നടപ്പില്‍വരുത്തിക്കാമെന്ന് വിശ്വസിക്കുന്നവരോ ആയ കോണ്‍ഗ്രസുകാര്‍ ഉണ്ടായേക്കുമെന്ന് പാര്‍ടി മനസിലാക്കുന്നു. അത്തരം കോണ്‍ഗ്രസുകാരോടും കമ്മ്യൂണിസ്റ്റ് പാര്‍ടി അഭ്യര്‍ത്ഥിക്കുന്നു: ഇതിലേതിനും നിങ്ങള്‍ സ്വീകരിക്കുന്നുവോ അതിനുവേണ്ടി നമുക്കു യോജിച്ചു പ്രവര്‍ത്തിയ്ക്കുക.
ഈ പരിപാടി പൂര്‍ണ്ണമാണെന്നോ മാറ്റേണ്ടതില്ലാത്തതാണെന്നോ പാര്‍ടി കരുതുന്നില്ല. രാജ്യസ്നേഹികളായ മുഴുവന്‍ മലയാളികളുടേയും പരിഗണനയ്ക്കും അംഗീകാരത്തിനും വേണ്ടിയാണ് പാര്‍ടി ഈ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഇതേപ്പറ്റി ജനങ്ങളുടെ അഭിപ്രായങ്ങളാരാഞ്ഞശേഷം മറ്റു പാര്‍ടികളുമായി നടത്തുന്ന കൂടിയാലോചനകളുടെ ഫലമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ പാര്‍ടി തയ്യാറാണെന്നും പ്രഖ്യാപിച്ചുകൊള്ളുന്നു.
നമുക്ക് ഇന്ന് ആവശ്യമായിട്ടുള്ള യോജിപ്പ് രാഷ്ട്രീയപാര്‍ടികള്‍ തമ്മിലുണ്ടാക്കുന്ന സഖ്യത്തിലോ ഒത്തുതീര്‍പ്പുകളിലോ ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല. ജനാധിപത്യപരവും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതിയ കേരളം പടുത്തുയര്‍ത്തുകയെന്ന ജോലി മലയാളി ജനതയാകെ ഏറ്റെടുത്തു നിറവേറ്റേണ്ട ഒന്നാണ്. അതുകൊണ്ട് ആ ജോലി ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തില്‍ സ്വന്തം സംഘടനകളെ ശക്തിപ്പെടുത്തിയും ഏകോപിപ്പിച്ചും കരുത്തേറിയ ഒരു ബഹുജനപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തിലെ തൊഴിലാളികളോടും കൃഷിക്കാരോടും ഇടത്തരവിഭാഗക്കാരോടും ബുദ്ധിജീവികളോടും സ്ത്രീകളോടും യുവജനങ്ങളോടും സാഹിത്യ-കലാ-സാംസ്കാരിക പ്രവര്‍ത്തകരോടും കമ്മ്യൂണിസ്റ്റ് പാര്‍ടി അഭ്യര്‍ത്ഥിക്കുന്നു.